
ടെഹ്റാൻ: അതിശക്ത ആക്രമണത്തിൽ അമേരിക്ക തകർത്ത അതീവ പ്രാധാന്യമുള്ള മഷ്ഹദ് റെയിൽവേ പാതയിലെ ഒരു ലൈൻ വെറും 13 മണിക്കൂർ കൊണ്ട് പുനഃസ്ഥാപിച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ സൈന്യം നടത്തിയ ക്രൂയിസ് മിസൈൽ ആക്രമണത്തിൽ ഇറാന്റെ ഗുലിസ്ഥാൻ പ്രവിശ്യയിലെ രണ്ട് പ്രധാന മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പാലമാണ് തകർന്നത്. പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ടെഹറാനിൽ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിൻ സർവീസുകൾ ഇറാൻ താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ അതിവേഗം പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഇറാൻ അധികൃതർ മഷ്ഹദ് ലൈനുകളിലൊന്ന് പ്രവർത്തനസജ്ജമാക്കുകയും രണ്ടാം ലൈൻ കൂടി ഉടൻ തന്നെ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. രണ്ടാമത്തെ ലൈൻ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകും.
ഇറാനിൽ പാലങ്ങളും റെയിൽവേ ട്രാക്കുകളും ചബഹർ തുറമുഖത്തെ കൺട്രോൾ റൂമും ഉൾപ്പടെയുള്ള ജനവാസ മേഖലിയിലാണ് അമേരിക്ക അതിശക്ത ആക്രമണം അഴിച്ചുവിട്ടത്. ഏപ്രിൽ 8 ലെ വെടിനിർത്തലിന് ശേഷം ആദ്യമായാണ് സിവിലിയൻ സംവിധാനങ്ങൾക്ക് നേരെയുള്ള ആക്രമണം. 90 കേന്ദ്രങ്ങളാക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണങ്ങളിൽ ഇറാനിൽ 14 പേർക്ക് ജീവൻ നഷ്ടമായി. കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സാലിം എയർബേസ് , പേട്രിയറ്റ് മിസൈൽ സംവിധാനം എന്നിവയിലേക്ക് ഇറാൻ തിരിച്ചടിച്ചു. ബഹറൈനിൽ ജുഫൈർ, ഷെയ്ഖ് ഈസ താവളങ്ങളിലേക്കും അമേരിക്കൻ ഇന്ധന ഡിപ്പോകളിലേക്കും ഖത്തറിലെ സാറ്റലൈറ്റ് ആന്റിന സംവിധാനത്തിലേക്കും ആക്രമണം നടത്തി. ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങളാലോചിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി.
അമേരിക്ക - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മൃതദേഹം സംസ്കാരത്തിനായി മഷ്ഹദിലെത്തിച്ചു. സംസ്കാര ചടങ്ങുകൾ അന്തിമഘട്ടത്തിലാണ്. സുരക്ഷയ്ക്കായി പോർ വിമാനം സജ്ജമാക്കിയാണ് പരമോന്നത നേതാവിന് ഇറാൻ വിടയേകാനായി സജ്ജമായിരിക്കുന്നത്. മൃതദേഹം വഹിച്ചുള്ള വിമാനം പോർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദിൽ എത്തിച്ചത്. ഖമനെയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും പുറത്തുവിട്ടു. ഫെബ്രുവരി 28-ന് നടന്ന യു എസ് - ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഖമനെയിയുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടനൽകും. പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും ശവസംസ്കാര ചടങ്ങുകൾക്കായി ജനസമുദ്രമാണ് ഒത്തുകൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam