
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷ സാധ്യത നിലനിൽകുന്ന സാഹചര്യത്തിൽ ഇറാനിൽ ആഭ്യന്തര പ്രക്ഷോഭവും ശക്തമാകുന്നു. ഭരണകൂടത്തിന്റെ ആണവ നയങ്ങൾക്കെതിരെയും പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിനെതിരെയും ഇറാനിലെ ജെൻ സികൾ തെരുവിലിറങ്ങിയതോടെ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. തുടർച്ചയായ രണ്ടാം ദിവസവും ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ സർവ്വകലാശാലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.
തലസ്ഥാനമായ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഉൾപ്പെടെയുള്ള മൂന്ന് പ്രധാന സർവ്വകലാശാലകളിൽ അതീവ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് മുൻപുണ്ടായിരുന്ന രാജഭരണത്തിന്റെ പതാകകൾ ഉയർത്തിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം. 'ഡെത്ത് ടു ദി ഷാ' എന്നതുൾപ്പെടെയുള്ള ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ ക്യാമ്പസുകളിൽ മുഴങ്ങിക്കേട്ടു. പലയിടങ്ങളിലും വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഡിസംബറിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് പ്രക്ഷോഭങ്ങൾ ആരംഭിച്ചതെങ്കിലും, അധികം വൈകാതെ അത് ഭരണകൂടത്തിനെതിരെയുള്ള വൻ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം നടത്തിയ നീക്കങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. 3,000 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ, മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.എ.എൻ.എ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 7,000-ത്തിലധികം ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരായ പ്രതിഷേധക്കാരാണ്.
ആഭ്യന്തര കലാപം പുകയുന്നതിനിടെ ഇറാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നു. ഇതിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ അമേരിക്ക വൻ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. രണ്ട് വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും മേഖലയിൽ നിലയുറപ്പിച്ചു കഴിഞ്ഞു.
ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ നടന്ന ആണവ ചർച്ചകൾ നിർണ്ണായക ഘട്ടത്തിലാണ്. 48 മണിക്കൂറിനുള്ളിൽ ഇറാൻ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചാൽ വെള്ളിയാഴ്ച വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, അമേരിക്കയുടെ സമ്മർദ്ദത്തിന് ഇറാൻ ഇതുവരെ പൂർണ്ണമായും വഴങ്ങാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. 'ഇത്രയേറെ സൈനിക ശക്തി മേഖലയിൽ വിന്യസിച്ചിട്ടും ഇറാൻ എന്തുകൊണ്ട് കീഴടങ്ങുന്നില്ല' എന്ന് ട്രംപ് ചോദിച്ചതായി അദ്ദേഹത്തിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇറാനിലെ ഒരു വിഭാഗം ജനങ്ങൾ ഭയപ്പെടുന്നു. 'രാത്രിയിൽ ഉറക്ക ഗുളികകൾ കഴിച്ചാൽ പോലും എനിക്ക് ഉറക്കം ലഭിക്കുന്നില്ല, മക്കളെയും പേരക്കുട്ടികളെയും ഓർത്ത് ഭയമാകുന്നു,' എന്ന് ടെഹ്‌റാൻ നിവാസിയായ ഹമീദ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്ത ഏജൻസിയോട് പറഞ്ഞു. ഐടി സാങ്കേതിക വിദഗ്ധയായ മിന അഹമ്മദ്‌വാന്ദിനെപ്പോലെയുള്ളവർ വിശ്വസിക്കുന്നത് യുദ്ധം അനിവാര്യമാണെന്നാണ്.
ഏതു നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാമെന്ന സാഹചര്യമുള്ളതിനാൽ ഓസ്‌ട്രേലിയ, സ്വീഡൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാന സർവീസുകൾ ഇപ്പോൾ ലഭ്യമാണെങ്കിലും സാഹചര്യങ്ങൾ വേഗത്തിൽ മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങളും വിദേശ രാജ്യങ്ങളുടെ സൈനിക സമ്മർദ്ദവും ഒരേപോലെ നേരിടേണ്ടി വരുന്ന ഒരു ജനതയുടെ അതിജീവന പോരാട്ടത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam