
ടെഹ്റാൻ: ഇറാനിലെ തുറമുഖങ്ങളിലേക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. അമേരിക്കയിലെ നിലവിലെ പെട്രോൾ വിലയുടെ ചിത്രം പങ്കുവെച്ചാണ് പരിഹാസം. ഈ വില ഉടൻ തന്നെ അമേരിക്കക്കാർക്ക് നൊസ്റ്റാൾജിയ ആയി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള എല്ലാ സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാലിബാഫിന്റെ പ്രതികരണം.
ഇപ്പോൾ പമ്പുകളിൽ കാണുന്ന ഇന്ധനവില കണ്ട് ആസ്വദിച്ചോളൂ എന്നും ഉപരോധം നടപ്പിലാക്കുന്നതോടെ 4-5 ഡോളർ നിരക്കിലുള്ള ഇന്ധന വില വെറും ഓർമ്മയായി മാറുമെന്നും ഗാലിബാഫ് എക്സിൽ കുറിച്ചു. ഇതിനൊപ്പം കണക്കിലെ ഒരു സമവാക്യവും അമേരിക്കയിലെ ഇന്ധനവിലയുടെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ΔO_BSOH>0 ⇒ f(f(O))>f(O)എന്ന സമവാക്യമാണ്, ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ വരവ് തടഞ്ഞാൽ എണ്ണവിലയിൽ അനിയന്ത്രിതവും സങ്കീർണ്ണവുമായ കുതിച്ചുചാട്ടമുണ്ടാകുമെന്ന് സൂചിപ്പിക്കാൻ ഗാലിബാഫ് നൽകിയത്. എണ്ണവില കുത്തനെ ഉയരുമെന്നാണ് ΔO എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. BSOH എന്നാൽ ബ്ലോക്കേഡ് സ്ട്രെയിറ്റ് ഓഫ് ഹോർമുസ്. ഹോർമുസ് കടലിടുക്കിലെ തടയൽ രാജ്യന്തര വിപണിയിൽ എണ്ണവിലയിൽ സാധാരണ വർദ്ധനവിനേക്കാൾ f(O) ഉപരിയായി അതിവേഗത്തിലുള്ള വർദ്ധനവ് f(f(O)) ഉണ്ടാക്കുമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇസ്ലാമാബാദിൽ നടന്ന യുഎസ് - ഇറാൻ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനിലെ തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്നതും അവിടേക്ക് വരുന്നതുമായ കപ്പലുകൾ തടയാൻ യുഎസ് നാവികസേനയോട് ട്രംപ് ഉത്തരവിട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5:30 മുതൽ ഉപരോധം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ എല്ലാ തുറമുഖങ്ങൾക്കും ഈ ഉപരോധം ബാധകമായിരിക്കുമെങ്കിലും ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ടാകുമെന്നാണ് അറിയിപ്പ്.
ട്രംപിന്റെ കപ്പലുകളെ തടയൽ ഉത്തരവിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും 100 ഡോളറിന് മുകളിലെത്തി. തടയൽ പ്രഖ്യാപനം ഏഷ്യൻ ഓഹരി വിപണികളെയും ബാധിച്ചിട്ടുണ്ട്. നേരത്തെ രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്ക തീരുമാനിച്ചപ്പോൾ വിപണിയിൽ ആശ്വാസം പ്രകടമായിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടഞ്ഞുകിടക്കുന്നത് സാഹചര്യം വീണ്ടും ഗുരുതരമാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam