യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്(ഐആർഐ). ട്രംപിനെ വധിക്കുന്നത് ആരാണെങ്കിലും അവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് ഇറാന്റെ പിന്തുണയുള്ള ഐആർഐ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബാഗ്ദാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാഖിലെ സായുധസംഘമായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്(ഐആർഐ). ട്രംപിനെ വധിക്കുന്നത് ആരാണെങ്കിലും അവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് ഇറാന്റെ പിന്തുണയുള്ള ഐആർഐ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
2020-ൽ ഇറാന്റെ ഖുദ്സ് ഫോഴ്സ് മേധാവി ജനറൽ ഖാസിം സുലൈമാനിയെയും ഇറാഖിലെ സായുധവിഭാഗം നേതാവായ അബു മഹ്ദി അൽ മുഹന്ദിസിനെയും കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിക്കുന്നതെന്നാണ് ഐആർഐയുടെ വിശദീകരണം. ട്രംപിനെ വധിക്കുന്നവർക്കോ ട്രംപിനെ കൊല്ലാൻ സഹായിക്കുന്ന വ്യക്തികൾക്കോ സംഘങ്ങൾക്കോ 10 മില്യൺ ഡോളർ നൽകുമെന്നാണ് പ്രഖ്യാപനം. ഇതിനായുള്ള തുക സംഘടനയെ പിന്തുണക്കുന്നവരും അംഗങ്ങളും നൽകിയ സംഭാവനകളിലൂടെയാണ് സമാഹരിച്ചതെന്നും ഐആർഐ വ്യക്തമാക്കി.
2020-ൽ ഖാസിം സുലൈമാനിയെയും അബു മഹ്ദിയെയും ഡ്രോൺ ആക്രമണങ്ങളിലൂടെ കൊലപ്പെടുത്തിയതിനെ ട്രംപ് വീണ്ടും ന്യായീകരിച്ചതാണ് ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐആർഐയെ വീണ്ടും ചൊടിപ്പിച്ചത്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ ആക്രമണങ്ങളെ ട്രംപ് വീണ്ടും ന്യായീകരിച്ച് സംസാരിച്ചത്.


