
ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഇറാൻ. ഇറാൻ ആഭ്യന്തര വകുപ്പ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി ചർച്ചകൾക്കായി അടുത്ത ദിവസം ഇറാനിലെത്തും. ഇറാനും ഹൂത്തികളും വിവിധ തലത്തിൽ ഉയർത്തുന്ന ഭീഷണികൾ സങ്കീർണമായ സ്ഥിതിയിലേക്ക് മേഖലയെ എത്തിച്ചിരിക്കുകയാണ്. ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും അടക്കം ചർച്ച ചെയ്യുന്നതിനാണ് പാക് ആഭ്യന്തര മന്ത്രി ഇറാനിൽ എത്തുന്നത്.
പശ്ചിമേഷ്യയിലെ നിർണായക സമുദ്രപാതകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, തടസ്സമില്ലാത്ത ഊർജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതവും ഉറപ്പാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ശനിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങൾക്കും ആഗോള വിതരണ ശൃംഖലകൾക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത്, തടസ്സമില്ലാത്ത ഊർജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ നീക്കവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഏക പ്രായോഗിക മാർഗ്ഗം ചർച്ചകളും നയതന്ത്രവും മാത്രമാണെന്നും താൻ പറഞ്ഞതായി പാക് വിദേശകാര്യ മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. പിന്നാലെയാണ് മുഹ്സിൻ നഖ്‌വി ഇറാനിൽ എത്തുന്നത്. ഹൂത്തികൾക്കായുള്ള സന്ദേശം കൈമാറാനാണ് യാത്രയെന്നാണ് റിപ്പേർട്ടുകൾ.
ഹൂതി ആക്രമണം രൂക്ഷമായതോടെ ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും സുരക്ഷാ ഭീഷണി നേരിടുകയാണ്. അതിനിടെ സൗദിക്കെതിരായ ആക്രമണത്തിൽ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹൂത്തികൾ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയ്ക്ക് സമീപം പുക ഉയർന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൗദി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രാത്രിയിൽ സൗദിയിലെ പത്ത് മേഖലകളിലേക്കാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. സൗദി, ജിദ്ദ, ഖമീസ് മുഷൈത്ത് ഉൾപ്പടെയാണിത്. യാംബുവിലേക്കുള്ള പൈപ്പ് ലൈനും ചെങ്കടൽ വഴിയുള്ള നീക്കവും താറുമാറായതോടെ അടുത്ത മാസം എണ്ണയെത്തില്ലെന്ന് യൂറോപ്പിലെ രണ്ട് റിറൈനറികളെ സൗദി അറിയിച്ചെന്നാണ് പുതിയ റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam