റഷ്യൻ എണ്ണ ഇറക്കുമതിക്ക് 100% തീരുവയ്ക്കുള്ള യുഎസ് നീക്കത്തിനെതിരെ ആഗോള വേദികളിൽ കടുത്ത നിലപാടറിയിക്കാൻ ഇന്ത്യ; ട്രംപ്-ഷീ ചർച്ചയും നിർണായകം

Published : Sep 19, 2026, 08:23 PM IST
modi trump

Synopsis

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് 100% തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ആഗോള വേദികളിൽ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്രസഭയിലും ജി 20 യോഗത്തിലും ഇന്ത്യ ഈ വിഷയം ഉന്നയിക്കും

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിർപ്പറിയിക്കാൻ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകൾക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ജി ഇരുപത് യോഗത്തിലും ഇക്കാര്യം ഉന്നയിക്കും. ഈ മാസം 24 ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഡോണൾഡ് ട്രംപ് നടത്താൻ പോകുന്ന ചർച്ചയിൽ എന്തുണ്ടാകുമെന്നും ഇന്ത്യ നിരീക്ഷിക്കുകയാണ്. അതേസമയം 100% തീരുവ വരെ ഏർപ്പെടുത്താനുള്ള അധികാരം ഡോണൾഡ് ട്രംപിന് യു എസ് കോൺഗ്രസ് നൽകിയതോടെ ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ചർച്ചകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

വ്യാപാര കരാറിൽ എന്ത് സംഭവിക്കും

ഏതുസമയവും വ്യാപാര കരാർ ഒപ്പുവെക്കാം എന്നായിരുന്നു നേരത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയത്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിലെ അധിക തീരുവയെക്കുറിച്ച് വ്യക്തതയുണ്ടാകേണ്ടത് ഈ ചർച്ചകൾ മുന്നോട്ടുപോകാൻ അനിവാര്യമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏകപക്ഷീയ തീരുമാനത്തിനെതിരെ അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടി പ്രമേയം പാസാക്കിയിരുന്നു. ഇതേ നിലപാട് എസ് ജയശങ്കർ ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തുന്ന പ്രസംഗത്തിലും പറയാനാണ് സാധ്യത. ജി 20 രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരുടെ യോഗത്തിനായി ഈ മാസം പിയൂഷ് ഗോയലും അമേരിക്കയിൽ എത്തും. ഈ യോഗത്തിലും അധിക തീരുവക്കെതിരെ കടുത്ത നിലപാട് ഇന്ത്യ സ്വീകരിക്കാനാണ് സാധ്യത. ഊർജ്ജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ടെന്ന് ഇന്നലെ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആകെ ക്രൂഡ് ഓയിലിന്റെ 51 ശതമാനവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങിയത്. എന്നാൽ അമേരിക്ക നിലപാട് കടുപ്പിച്ചാൽ റിലയൻസ് അടക്കമുള്ള കമ്പനികൾ വീണ്ടും ഇത് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഈ മാസം 24 ന് ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഈ ചർച്ചയിൽ റഷ്യൻ എണ്ണ ഇറക്കുമതിയെക്കുറിച്ച് എന്ത് തീരുമാനമുണ്ടാകും എന്നതും ഇന്ത്യ ഉറ്റുനോക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് തീരുവ ചുമത്താനുള്ള ബിൽ പാസായതിനെ യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലെൻസ്‌കി സ്വാഗതം ചെയ്തു. റഷ്യയിൽ നിന്ന് നിലവിൽ കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. തുർക്കിയും യൂറോപ്യൻ യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൂതികൾ റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു? ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് സംശയം; റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും
'ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണ'മെന്ന് എയർ റെയ്ഡ് മുന്നറിയിപ്പ്; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്