
ടെഹ്റാൻ: ഏഴുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം തങ്ങൾക്ക് ലഭിച്ചതായി ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ നിർദ്ദേശം പരസ്യമായി തള്ളിക്കളഞ്ഞതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും, നയതന്ത്രതലത്തിൽ പുതിയ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ യു.എസ് നൽകിയ മറുപടിയിലെ വിവരങ്ങളോ, നിർദ്ദേശം പൂർണ്ണമായും നിരസിക്കപ്പെട്ടോ എന്നോ ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഐക്യരാഷ്ട്രസഭയുടെ വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മടക്കയാത്രയിലാണ് പുതിയ നയതന്ത്ര നീക്കങ്ങൾക്ക് തുടക്കമിട്ടത്. ഖത്തർ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യു.എസ് പ്രതിനിധികളുമായി അനൗപചാരികമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ഈ നീക്കം. യുദ്ധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറാൻ നേരിടുന്നത്. ഗൾഫിലെ കപ്പൽ പാതകളിലെ ഉപരോധവും വിപണിയിലെ തടസ്സങ്ങളും ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം വൻതോതിൽ ഇടിയാൻ കാരണമായി. അത്യാവശ്യ മരുന്നുകൾക്കും ഭക്ഷണസാധനങ്ങൾക്കും വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. യു.എസ് ഉപരോധം പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാമെന്ന വ്യവസ്ഥയാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവെച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam