
തെഹ്റാന്‍: കഴിഞ്ഞ ദിവസം ഇറാന്‍ സൈന്യം പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇറാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ മോചനം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കപ്പലില്‍ കുടങ്ങിയ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് കപ്പല്‍ കമ്പനി അറിയിച്ചിരിക്കുന്നത്
സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനോ സാധിക്കുന്നില്ലെന്ന് ടാങ്കർ ഉടമകൾ അറിയിച്ചിരുന്നു.
വായിക്കാം; ബ്രിട്ടീഷ് എണ്ണ ടാങ്കർ പിടിച്ചെടുത്ത് ഇറാന്‍
അതേസമയം, ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. തെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതിയ് ശേഷമാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.
കഴിഞ്ഞ ദിവസം ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്‍റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പൽ ഇറാൻ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വ്യോമപരിധി ലംഘിച്ച ഇറാന്റെ ഡ്രോൺ വെടിവച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam