ടെഹ്റാന്‍: ബ്രിട്ടീഷ് എണ്ണ ടാങ്കർ ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്തതായി ഇറാൻ. സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ടാങ്കർ പിടിച്ചെടുത്തതായി ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 23 ജീവനക്കാരാണ് ടാങ്കറിലുള്ളത്. ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നും ടാങ്കറിലുള്ളവരുമായി ആശയവിനിമയം നടത്താനാകുന്നില്ലെന്നും ഉടമകൾ അറിയിച്ചു. ടാങ്കർ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് ഇറാന് മുന്നറിയിപ്പ് നൽകി. ടെഹ്റാനിലുള്ള ബ്രിട്ടീഷ് സ്ഥാനപതി ഇറാൻ അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും ഹണ്ട് അറിയിച്ചു. 

അതേ സമയം ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുകയാണ്. ഹോർമുസ് കടലിടുക്കിൽ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്‍റെ ഡ്രോൺ വെടിവച്ചിട്ടെന്ന് അമേരിക്ക അവകാശപ്പെട്ടു. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പൽ ഉടൻ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദം. ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് പനാമൻ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെയാണ് ഇറാൻ അവകാശപ്പെട്ടത്. 

ഹോർമുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ചായിരുന്നു ഇറാന്‍റെ നടപടി. ഇതിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പൽ ഉടൻ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നൽകി. കപ്പലുകൾക്ക് സ്വൈര്യമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി ഇറാൻ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.