ലാൻഡ് ചെയ്യുമ്പോൾ റൺവേയിൽ ആമ, ആമയെ രക്ഷിക്കാൻ വീൽ ലിഫ്റ്റ് ചെയ്ത് പൈലറ്റ്, വിമാനം തക‍ർന്നു, 2 പേർ കൊല്ലപ്പെട്ടു

Published : Jun 21, 2025, 08:16 PM IST
plane crash

Synopsis

ആമയെ രക്ഷിക്കാനായി ലാൻഡിംഗ് വീൽ ഉയർത്തിയ വിമാനം റൺവേയിൽ നിന്ന് 255 അടി മാറി വനമേഖലയിൽ തകർന്ന് വീണാണ് അപകടം

നോർത്ത് കരോലിന: ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റൺവേയിൽ കണ്ട ആമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിമാനം അപകടത്തിൽപ്പെട്ടു. പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. ആമയെ രക്ഷിക്കാനായി ലാൻഡിംഗ് വീൽ ഉയർത്തിയ വിമാനം റൺവേയിൽ നിന്ന് 255 അടി മാറി വനമേഖലയിൽ തകർന്ന് വീണാണ് അപകടം. നോർത്ത് കരോലിന വിമാനത്താവളത്തിൽ ചെറുവിമാനമാണ് തകർന്നത്.

ഈ മാസം ആദ്യമുണ്ടായ അപകടത്തിലെ അന്വേഷണ റിപ്പോ‍ർട്ടിലാണ് അപകടകാരണം വ്യക്തമായത്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് അപകട കാരണം വ്യക്തമായത്. ജൂൺ 3നുണ്ടായ അപകടത്തിൽ യൂണിവേഴ്സൽ സ്റ്റിൻസൺ 108 വിമാനത്തിലെ പൈലറ്റും ഒരു യാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. മോക്സ്വില്ലേയിലെ സുഷ‍ർ വാലി വിമാനത്താവളത്തിന് സമീപമാണ് ചെറുവിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു.

കമ്യൂണിക്കേഷൻ ഓപ്പറേറ്റ‍ർ റൺവേയിൽ ആമയെ കണ്ടതായി പൈലറ്റ് അറിയിച്ചതായി വ്യക്തമാക്കിയിരുന്നു. 1400 അടി ഉയരത്തിൽ നിന്ന് 2424 അടി നീളമുള്ള റൺവേയിലേക്ക് എത്തിയ ശേഷമാണ് വലത് ഭാഗത്തെ പ്രധാന വീൽ ആമയെ ഇടിക്കാതിരിക്കാനായി ഉയർത്തിയത്. ഇതിന് പിന്നാലെ വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് സമീപത്തെ വനമേഖലയിൽ ഇടിച്ച് വീണത്.

റൺവേയിൽ നിന്ന് 255 അടി അകലെയുള്ള വനമേഖലയിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നിരവധി മരങ്ങൾക്ക് ഇടയിൽ കുടുങ്ങി കത്തിയ നിലയിലായിരുന്നു വിമാനമുണ്ടായിരുന്നത്. വിശദമായ അന്വേഷണ റിപ്പോ‍ർട്ട് രണ്ട് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം