
ടെഹ്റാൻ: വടക്കൻ ലെബനനിൽ ഇസ്രായേലിന്റെ അപ്രതീക്ഷിത കമാൻഡോ റെയ്ഡ്. മുതിർന്ന ഹിസ്ബുല്ല ഉദ്യോഗസ്ഥനെ ഇസ്രായേലിന്റെ നാവികസേന പിടികൂടി. വെള്ളിയാഴ്ച വടക്കൻ ലെബനനിൽ നടന്ന ഓപ്പറേഷനിൽ മുതിർന്ന ഹിസ്ബുല്ല നേതാവായ ഇമാദ് അംഹാസിനെയാണ് ഇസ്രായേൽ നാവികസേന പിടികൂടിയത്. ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കും ഇസ്രായേലിന് അമേരിക്ക നൽകുന്ന പിന്തുണയ്ക്കും പല്ല് തകർക്കുന്ന രീതിയിലുള്ള പ്രതികരണം ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി മുന്നറിയിപ്പ് നൽകി.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് B-52 ബോംബർ വിമാനങ്ങൾ പശ്ചിമേഷ്യയിലേയ്ക്ക് എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ നിർണായകമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നീക്കം. അമേരിക്കൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നവംബർ 5ന് മുമ്പ് ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇസ്രായേലിന് എല്ലാ വിധ പിന്തുണയും ഉറപ്പ് നൽകുമെന്ന് സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഒക്‌ടോബർ 1 ന് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനാമായ സാഹചര്യത്തിലേയ്ക്ക് എത്തിയത്. ഒക്‌ടോബർ 26 ന് ഇറാനിയൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേൽ മറുപടി നൽകിയത്. ആക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യോമാക്രമണം ഇറാൻ്റെ മിസൈൽ, വ്യോമ പ്രതിരോധ ശേഷികൾക്ക് കാര്യമായ നാശനഷ്ടം വരുത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇതിന് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
READ MORE: ശക്തിപ്രാപിച്ച് തുലാവർഷം; സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, 6 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam