
ഏഥൻസ്: ഇറാൻ - അമേരിക്ക സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കപ്പൽ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിയത്. ഇറാനെതിരെയുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുത്തത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ അറബിക്കടലിലുള്ള യു എസ് എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ മാസം 14 നാണ് ഇറാനുമേലുള്ള സമ്മർദം ശക്തമാക്കാനായി ഡോണൾഡ് ട്രംപ്, പശ്ചിമേഷ്യ ലക്ഷ്യമാക്കി രണ്ടാമത്തെ പടക്കപ്പൽ അയച്ചത്. ഇറാനുമായി ആണവ വിഷയത്തിൽ ധാരണയിൽ എത്തിയില്ലെങ്കിൽ യു എസ് എസ് ജെറാൾഡ് ഫോർഡ് പടക്കപ്പൽ ആവശ്യം വരുമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ധാരണയിൽ എത്തിയാൽ പിൻവലിക്കാമല്ലോയെന്നും ട്രംപ് പറഞ്ഞിരുന്നു. എബ്രഹാം ലിങ്കണ്‍ പടക്കപ്പലിന് പിന്നാലെയാണ് ജെറാൾഡ് ഫോർഡിനെ കൂടി മേഖലയിൽ എത്തിച്ചത്. വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ ദൗത്യത്തിന്‍റെ ഭാഗമായിരുന്ന അതേ കപ്പലാണ് ജെറാൾഡ് ആർ ഫോർഡ്. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങളെ വരെ വഹിക്കാൻ ഈ കപ്പിലിന് കഴിയും.
സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നിറിയിപ്പും അന്ത്യശാസനവും തുടരുമ്പോഴും ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. ഇരുഭാഗത്തിനും ഗുണമുള്ള വിൻ - വിൻ സാഹചര്യം ഒരുങ്ങുന്നതിനനുസരിച്ചാകും ചർച്ചകളുടെ വിജയമെന്നാണ് നിലപാട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയെ അനുവദിക്കുന്നതും കൃത്യമായ പ്രോട്ടോക്കോളുകൾക്കും പാർലമെന്റ് അനുമതിക്കും ശേഷം മാത്രമാകുമെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. വ്യാഴാഴ്ച്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി ഒമാന്റെ നേതൃത്വത്തിൽ വിവിധ കക്ഷികകളുമായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രം ഗുണമുള്ള ധാരണകൾ അംഗീകരിക്കും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ഐ എ ഇ എ പരിശോധനക്ക് കൃത്യമായ ഉപാധികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam