അറസ്റ്റ് ചെറുത്തു, ഇരുപത്തിരണ്ടുകാരനെ പോയിന്‍റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്; വിമർശനം ശക്തം

By Web TeamFirst Published Dec 3, 2022, 10:07 PM IST
Highlights

നാല് തവണയാണ് സൈനികൻ പാലസ്തീൻ പൗരനുനേരെ വെടിയുതിർത്തത്

ഹുവാറ: പാലസ്തീൻ പൗരനെ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേൽ സൈനികൻ. വെസ്റ്റ്ബാങ്ക് പട്ടണമായ ഹുവാറയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വെടിവെച്ച് കൊലപ്പെടുത്ത ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ സംഭവം ചർച്ചയായിട്ടുണ്ട്. അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ചെറുത്ത പാലസ്തീനി പൗരനെയാണ് ഇസ്രായേലി പൊലീസ് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നതെന്നാണ് റിപ്പോ‍ർട്ടുകൾ. നാല് തവണയാണ് സൈനികൻ പാലസ്തീൻ പൗരനുനേരെ വെടിയുതിർത്തത്. അറസ്റ്റ് സംബന്ധിച്ച് ഇരുവരും വഴക്കിട്ടതിന് ശേഷമാണ് സൈനികൻ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. 22 കാരനായ അമ്മാർ മെഫ്ലെയാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകത്താകെ സംഭവം വലിയ തോതിൽ വിമർശിക്കപ്പെട്ടെങ്കിലും തങ്ങളുടെ സൈനികനെ ന്യായീകരിച്ചാണ് ഇസ്രായേൽ രം​ഗത്തെത്തിയത്. ഏതൊരു പ്രൊഫഷണൽ സൈനികനും ചെയ്യുന്നത് മാത്രമേ തങ്ങളുടെ സൈനികനും ചെയ്തുള്ളൂവെന്നാണ് ഇസ്രായേൽ പൊലീസ് കമ്മീഷണർ പറഞ്ഞത്. ആക്രമണത്തിന് മറുപടിയായാണ് വെടിവയ്പുണ്ടായതെന്നാണ് ബോർഡർ പൊലീസ് വക്താവിന്‍റെ പക്ഷം. ഇക്കാര്യം ഇസ്രായേൽ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലസ്തീൻകാരൻ സൈനികനെ ഉൾപ്പെടെ രണ്ട് ഇസ്രായേലികളെ ആക്രമിക്കാൻ ശ്രമിച്ചു.  ഇവരുടെ ആയുധം തട്ടിയെടുക്കാനും ശ്രമിച്ചു. ഇതിനിടെയിലാണ് വെടിവെപ്പുണ്ടായതെന്നുമാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു.

എന്നാൽ നിരപരാധിയായ യുവാവിനെ അകാരണമായി വെടിവെക്കുകയായിരുന്നു ഇസ്രായേൽ സൈന്യം ചെയ്തതെന്നാണ് പാലസ്തീൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ നടപടിയുണ്ടാകണമെന്നും പാലസ്തീൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ സൈനിക‌ർ പാലസ്തീൻ പൗരന്മാരോട് പലപ്പോഴായി നടത്തിവരുന്ന അനീതിയുടെ തുടർച്ചയാണ് സംഭവമെന്നും അവർ പറഞ്ഞു. നിരപരാധികളെ പോലും വെടിവെച്ച് കൊല്ലുന്നതാണ് ഇസ്രയേലിന്‍റെ രീതിയെന്നും അവർ വിമർശനം ഉന്നയിച്ചു. നേരത്തെയും ഇസ്രയേലിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ അക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും ഇത്തവണ കടുത്ത നടപടിയുണ്ടാകണമെന്നും പാലസ്തീൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ സൈനികന്‍റെ വെടിയേറ്റ് പാലസ്തീൻ പൗരൻ മരിച്ച സംഭവത്തിൽ വലിയ തോതിൽ പ്രതിഷേധവും രാജ്യത്ത് ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ സംഭവം ചർച്ചയായതോടെ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധക്കാർ.

സൈഫുന്നിസയും സബീഷും, 2012 ൽ മലപ്പുറത്ത് കാണാതായി, 10 വർഷം തുമ്പില്ല, ഒടുവിൽ ബാംഗ്ലൂരിൽ! ഡിഎംപിടിയു കണ്ടെത്തി

click me!