
ടെഹ്റാൻ : ഇറാനും യു.എസ്.-ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ താത്കാലികാശ്വാസമെന്ന വാർത്തകൾ തള്ളി ഇറാൻ. യുഎസ് പ്രസിഡന്‍റുമായി ഒരു സമാധാന ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചു. സംഘർഷത്തിന് സമ്പൂർണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്ന് യു.എസ്. സമാധാനത്തിന് ഇറാന് ഒരവസരം കൂടി നൽകുന്നുവെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ദ്വിദിന ചർച്ചക്ക് ശേഷം പ്രതികരിച്ചിരുന്നു. ഇറാനുമായി ചർച്ചകൾ തുടരുന്നുവെന്നും ട്രംപ് പറഞ്ഞു. വിശാലമായ ഒരു കരാർ ഉണ്ടാക്കാൻ കഴിയുമോ എന്ന് നിർണയിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തവണ ഇറാൻ ഗൗരവമായാണ് കാര്യങ്ങൾ എടുക്കുന്നത്. അവർ ഒരു തീർപ്പുകൽപ്പിക്കാൻ ആഗ്രഹിക്കുന്നു, സമാധാനം ആഗ്രഹിക്കുന്നു'- ട്രംപ് പറഞ്ഞു.
എന്നാൽ യു.എസുമായുള്ള ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. ട്രംപിന്‍റെ അവകാശ വാദങ്ങളെക്കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കി. ഇത് ക്രൂഡ് ഓയിൽ അടക്കമുള്ള വിപണിയെ കൃത്രിമമായി നിയന്ത്രിക്കാൻ വേണ്ടിയുള്ള വ്യാജ വാർത്തകളാണെന്നാണ് ഇറാൻ പറയുന്നത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികളിൽ നേരിയ ഉണർവ് സംഭവിച്ചിരുന്നു. എണ്ണവിലയും താഴുന്നു. ഇതാണ് ഇത്തരം വാർത്തകളിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നാണ് ഇറാൻ പറയുന്നത്.
ഇറാനുമായി നടത്തിയ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസത്തെ സമയം കൂടി അനുവദിച്ചുവെന്നും ഈ കാലയളവിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് യുദ്ധവകുപ്പിന് നൽകിയിട്ടുണ്ടെന്നും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ ഇറാന്റെ ശക്തമായ താക്കീതിനെത്തുടർന്ന് യു.എസ്. പ്രസിഡന്റിന് പിന്തിരിയേണ്ടിവന്നെന്നാണ് ഇറാൻ ദേശീയമാധ്യമം പ്രതികരിച്ചത്. ട്രംപുമായി ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയൊന്നുമുണ്ടായിട്ടില്ലെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam