'ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല', പ്രകോപിപ്പിച്ച് ട്രംപ്, തലയ്ക്ക് വിലയിട്ട് ഇറാൻ

Web Desk   | Asianet News
Published : Jan 06, 2020, 11:24 PM ISTUpdated : Jan 06, 2020, 11:33 PM IST
'ഇറാന് ഒരിക്കലും ആണവായുധമുണ്ടാകില്ല', പ്രകോപിപ്പിച്ച് ട്രംപ്, തലയ്ക്ക് വിലയിട്ട് ഇറാൻ

Synopsis

ഇറാൻ മേജർ ജനറൽ കാസിം സൊലേമാനിയെ കൊലപ്പെടുത്തിയ നീക്കത്തിന് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് വലിയ പിന്തുണയില്ല അമേരിക്കയ്ക്ക്. ഇത് ട്രംപിനെ ശരിക്ക് പ്രകോപിപ്പിച്ചിട്ടുണ്ട്.

വാഷിംഗ്‍ടൺ: ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കഴിഞ്ഞയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ശക്തരായ കമാൻഡർമാരിൽ ഒരാളായ ജനറൽ കാസിം സൊലേമാനിയെ വധിച്ച നടപടിക്ക് ശേഷം ഇതിനെ ന്യായീകരിച്ച് തുടർച്ചയായി ട്വീറ്റുകളിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണ് ഡോണൾഡ് ട്രംപ്. അതിന്‍റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണിത്.

ഇറാനിലെ 52 സാംസ്കാരികകേന്ദ്രങ്ങളെ ഉന്നമിട്ടിരിക്കുകയാണ് അമേരിക്കയെന്നും, എന്തെങ്കിലും തരത്തിൽ അമേരിക്കയുടെ ഏതെങ്കിലുമൊരു പൗരനെയോ എംബസിയടക്കമുള്ള കേന്ദ്രങ്ങളെയോ ഇറാൻ തൊട്ടാൽ ഈ കേന്ദ്രങ്ങളിൽ ഉടനടി ശക്തമായ ആക്രമണങ്ങളുണ്ടാകുമെന്നാണ് ഞായറാഴ്ച രാത്രി ട്രംപ് തുടർച്ചയായി ട്വീറ്റ് ചെയ്തത്. അത്യന്തം പ്രകോപനപരവും അപകടകരവുമായ ഈ ട്വീറ്റുകൾ യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. 

അതേസമയം, ഒരു യുദ്ധത്തിലേക്ക് നീങ്ങണമെങ്കിൽ അമേരിക്കൻ പ്രസിഡന്‍റിന് യുഎസ് കോൺഗ്രസിന്‍റെ അനുമതി വേണമെന്ന ചട്ടം മറികടക്കാനുള്ള നീക്കമാണ് ട്രംപിന്‍റെ ഈ ട്വീറ്റുകൾ എന്ന് വിലയിരുത്തുന്നവരുമുണ്ട്. യഥാർത്ഥത്തിൽ യുഎസ് കോൺഗ്രസിന്‍റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ, അമേരിക്കൻ പ്രസിഡന്‍റിന് രാജ്യം ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിക്കാനാകൂ. 1973-ൽ നിലവിൽ വന്ന വാർ പവേഴ്‍സ് ആക്ട്, അഥവാ, യുദ്ധാധികാര നിയമപ്രകാരം അതാണ് അമേരിക്കയുടെ നിയമം. എന്നാൽ ട്രംപ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്:

''ഈ ട്വീറ്റുകൾ, യുഎസ് കോൺഗ്രസിന് കൂടിയുള്ള മുന്നറിയിപ്പാണ്. ഇറാൻ ഏതെങ്കിലും യുഎസ് പൗരനെയോ കേന്ദ്രങ്ങളെയോ തൊട്ടാൽ, അമേരിക്ക ശക്തമായിത്തന്നെ ഉടനടി തിരിച്ചടിക്കും. അത് ശരിയായ വഴിയിൽത്തന്നെ ആകണമെന്നില്ല'', ട്രംപ് ട്വീറ്റ് ചെയ്തു. ''അല്ലെങ്കിലും അത്തരം നിയമപരമായ മുന്നറിയിപ്പുകളൊന്നും ആവശ്യമില്ല, എങ്കിലും പറയുന്നുവെന്ന് മാത്രം'', എന്ന് ട്രംപിന്‍റെ മറ്റൊരു ട്വീറ്റ്. 

എന്നാൽ ഇത്തരം ട്വീറ്റുകൾ കൊണ്ടൊന്നും ഒരു യുദ്ധമെന്ന നീക്കത്തിലേക്ക് അത്രയെളുപ്പം ട്രംപിന് പോകാനാകില്ലെന്നാണ് അമേരിക്കൻ നിയമവിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നത്. യുദ്ധമെന്ന നീക്കത്തിലേക്ക് പോകുന്ന തരത്തിൽ വാർ പവേഴ്‍സ് ആക്ട് അട്ടിമറിച്ച് ട്രംപിന് മുന്നോട്ടു പോകണമെങ്കിൽ രാജ്യത്തിന്‍റെ നിലനിൽപ് തന്നെ അപകടത്തിലാവുന്ന വിധത്തിലുള്ള വൻ സംഭവവികാസങ്ങളുണ്ടാകണം. അതില്ലാത്തിടത്തോളം യുദ്ധം പ്രഖ്യാപിക്കാനാകില്ലെന്ന് നിയമവിദഗ്‍ധർ. 

അതേസമയം, യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ് സ്പീക്കർ നാൻസി പെലോസി, ഇറാനിലെ ട്രംപിന്‍റെ ഇടപെടൽ തടയണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. പ്രകോപനപരമായ ഒരു നീക്കവും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകില്ലെന്നത് ഉറപ്പ് വരുത്താനാണ് പ്രമേയമെന്ന് പെലോസി വ്യക്തമാക്കി.

എന്നാൽ ഈ പ്രമേയം ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സിൽ പാസ്സായേക്കാമെങ്കിലും, സെനറ്റിൽ പാസ്സാകാൻ സാധ്യത തീരെക്കുറവാണ്. അവിടെ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം എന്നതുതന്നെയാണ് കാരണം. 

ട്രംപിന്‍റെ തലയ്ക്ക് വില കോടികൾ

അതേസമയം, ട്രംപിന്‍റെ തലയ്ക്ക് കോടികളാണ് ഇറാൻ വിലയിട്ടിരിക്കുന്നത്. ട്രംപിനെ വധിക്കുന്നവർക്ക് 574 കോടി രൂപ (80 മില്യൺ യുഎസ് ഡോളർ) ആണ് ഇറാൻ ഇനാം പ്രഖ്യാപിക്കുന്നത്. കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയുടെ തത്സമയസംപ്രേഷണത്തിനിടെയാണ്, ഇറാൻ ഔദ്യോഗിക ടെലിവിഷനിൽ ഓരോ ഇറാൻ പൗരനും ഓരോ യുഎസ് ഡോളർ വീതം സംഭാവന ചെയ്യുമെന്നും അങ്ങനെ എൺപത് മില്യൺ യുഎസ് ഡോളർ ട്രംപിന്‍റെ തലയെടുക്കുന്നവർക്ക് നൽകുമെന്നും പ്രഖ്യാപിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും
ഇല്ലാത്ത രോ​ഗമുണ്ടാക്കും, വനിതാ ഡോക്ടർമാർ ചികിത്സിക്കുന്ന ക്ലിനിക്കുകളിൽ മാത്രം ചികിത്സ തേടും, ഒടുവിൽ 25കാരന് പൂട്ടുവീണു