
തെഹ്റാൻ: എണ്ണക്കപ്പൽ പിടിച്ചെടുത്ത നടപടിയിൽ സമവായ നീക്കവുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ വിട്ട് നൽകുകയാണെങ്കിൽ പകരമായി ബ്രിട്ടന്റെ എണ്ണക്കപ്പൽ വിട്ട് നൽകാമെന്ന് ഹസൻ റൂഹാനി വ്യക്തമാക്കി.
നേരത്തെ കപ്പൽ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇറാനും ബ്രിട്ടനും തമ്മിൽ യുദ്ധസമാന അന്തരീക്ഷം നിലനിന്നിരുന്നു. തർക്ക പരിഹാരത്തിനുള്ള ഒരു സാധ്യതയും ഇറാൻ വിട്ടുകളയില്ലെന്ന് ഹസൻ റൂഹാനി പറഞ്ഞതായി ഇറാന്‍റെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. 2015-ലെ ആണവ കരാറിൽ നിന്നും കഴിഞ്ഞ വർഷം അമേരിക്ക പിൻ മാറിയതും ഇറാനുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതും മുതൽ ഇറാനും മറ്റു പാശ്ചാത്ത്യ രാജ്യങ്ങളുമായി കടുത്ത തർക്കത്തിലായിരുന്നു.
അമേരിക്കയുമായി സമവായത്തിന് തയ്യാറാണെന്ന് റൂഹാനി ഇന്നലെ പറഞ്ഞിരുന്നു. റൂഹാനിയുടെ പുതിയ നീക്കത്തോടെ ഇറാനും ബ്രിട്ടനുമായി മഞ്ഞുരുകലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ സ്ഥാനമേറ്റതോടെ ബ്രിട്ടന്റെ പുതിയ നിലപാട് എന്തായിരിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ജൂലൈ നാലിനാണ് ഇറാന്റെ എണ്ണ ടാങ്കറായ ഗ്രേസ് 1 ബ്രിട്ടീഷ് നാവികർ പിടിച്ചെടുത്തത്. കപ്പലിലെ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പുനൽകിയാൽ കപ്പൽ വിട്ടു നൽകാൻ തയ്യാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജറമി ഹണ്ട് ഇറാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന സ്റ്റെന ഇംപെറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
ബ്രിട്ടൻ പിടിച്ച ഇറാൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരാനുള്ളത്. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപാറോയിലെ 23 ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇതിൽ നാല് പേർ മലയാളികളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam