
ടെഹ്റാൻ: അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപിനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതും മകൻ ബാരൺ ട്രംപിന് മുന്നറിയിപ്പ് നൽകുന്നതുമായ വിവാദ വീഡിയോ പുറത്തുവിട്ട് ഇറാനിലെ ‘തസ്‌നീം ന്യൂസ്’ ഏജൻസി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പുമായി ബന്ധമുള്ള മാധ്യമമാണ് വീഡിയോ പ്രചരിപ്പിച്ചത്. യു എസ് - ഇറാൻ ബന്ധം വൻ നയതന്ത്ര-സൈനിക അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് ഈ നീക്കം. 'മെലാനിയയെ എവിടെ വെച്ച് കൊല്ലാം' എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വീഡിയോയിൽ, ന്യൂയോർക്ക് നഗരത്തിൽ മെലാനിയ സഞ്ചരിക്കുന്ന വഴികളും അവർ പതിവായി സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആഡംബര വസ്ത്രശാലകളുടെ വിവരങ്ങളും നൽകുന്നുണ്ട്.
മെലാനിയയുടെ ഫാഷൻ ഭ്രമമാണ് അവരുടെ ഏറ്റവും വലിയ ബലഹീനതയെന്നും, ഇത്തരം ഷോപ്പിംഗ് യാത്രകൾ "ആഗോള സ്വാതന്ത്ര്യസമര പോരാളികൾക്ക്" ആക്രമണം നടത്താൻ അനുയോജ്യമായ അവസരമാണെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. അവർ വാങ്ങുന്ന വസ്ത്രങ്ങളിൽ വിഎക്സ് എന്ന അപകടകാരിയായ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവാതകം കലർത്തി കൊലപ്പെടുത്താമെന്ന ക്രൂരമായ നിർദ്ദേശവും വീഡിയോയിൽ മുന്നോട്ടുവെക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്ത് മെലാനിയയുടെയും ഡൊണാൾഡ് ട്രംപിന്റെയും മകനായ 20-കാരൻ ബാരൺ ട്രംപിന് നേരെയും ഭീഷണി മുഴക്കുന്നുണ്ട്. ‘ഇതൊരു തുടക്കം മാത്രമാണ്, ബാരൺ ട്രംപ്, ഞങ്ങൾക്കായി കാത്തിരിക്കൂ’ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വിവാദ വീഡിയോ പുറത്തുവന്നതോടെ മെലാനിയ ട്രംപിന്‍റെയും ബാരൺ ട്രംപിന്‍റെയും സുരക്ഷ യുഎസ് സീക്രട്ട് സർവീസ് ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പ്രധാന തെരുവുകളിൽ ട്രംപിനെയും കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് കൊലവിളി പോസ്റ്ററുകളും ഭീമൻ ബോർഡുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ മക്കളായ ഡൊണാൾഡ് ജൂനിയർ, ഇവാങ്ക, എറിക്, ടിഫാനി, ബാരൺ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി "ചോരയ്ക്ക് ചോര" എന്നെഴുതിയ ബോർഡുകളാണ് ഉയർന്നത്. തനിക്കെതിരെ ഇറാനിൽ നിന്ന് വധശ്രമമുണ്ടായാൽ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ സൈന്യത്തിന് മുൻകൂട്ടി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രെസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam