ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ശക്തമായ പ്രത്യാക്രമണമാണ് ഇറാൻ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മിസൈല്‍ പ്രതിരോധ സംവിധാനം എന്ന് വിശേഷിപ്പിച്ചിരുന്ന ഐയണ്‍ ഡോമിനെ പോലും തകര്‍ത്തായിരുന്നു ഇറാൻ ആക്രമണം. ഇസ്രയേലിന്‍റെ അയണ്‍ ഡോം സുരക്ഷാ കവചവും ഭേദിച്ച് എങ്ങനെയാണ് ഇറാൻ ആക്രമണം നടത്തിയത്? എന്താണ് അയണ്‍ ഡോമിന് സംഭവിച്ചത്?, എന്നിങ്ങനെ പല ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
വ്യോമാക്രമണങ്ങളെ ചെറുക്കാൻ കഴിവുള്ള ലോകത്തെ ഏറ്റവും വലിയ സുരക്ഷാ കവചമായാണ് ഇസ്രയേലിന്‍റെ അയണ്‍ ഡോമിനെ ലോകം കണ്ടിരുന്നത്. ഒരു രാജ്യത്തെ ആകെ പൊതിഞ്ഞു നിൽക്കുന്ന അദൃശ്യമായ ആകാശ രക്ഷാകവചമെന്ന് അയണ്‍ ഡോമിനെ വിശേഷിപ്പിക്കാം.
2023 ഒക്ടോബർ ഏഴിന് ഹമാസിന്‍റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണത്തിൽ അൽപം പതറിയെങ്കിലും അത് കേവലം നോട്ടപ്പിശകായിട്ടായിരുന്നു അവർ കണ്ടത്. എന്നാൽ, കഴിഞ്ഞ രണ്ടു രാത്രികളിലായി ഇറാൻ, ഇസ്രായേൽ നഗരങ്ങളിൽ നടത്തിയ കടന്നാക്രമണം അയൺ ഡോമിന്‍റെ അപ്രമാദ്യത്തിന് മേല്‍ ചോദ്യ ചിഹ്നം ഉയര്‍ത്തിയിരിക്കുകയാണ്. ടെൽ അവിവും ജെറുസലേമും ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് അയൺ ഡോമിന്‍റെ പ്രതിരോധം തകർത്ത് മിസൈലുകള്‍ പതിച്ചത്
ശത്രുവിന്‍റെ റോക്കറ്റും മിസൈലും ആകാശത്ത് വെച്ചുതന്നെ തകർക്കാൻ കഴിയുന്ന നിയന്ത്രിത മിസൈൽ വേധ സംവിധാനം 2011 ലാണ് ഇസ്രായേലിൽ പ്രവർത്തനക്ഷമമാകുന്നത്. അതിനും അഞ്ച് വർഷം മുൻപ് സമ്മർ വാർ എന്നറിയപ്പെട്ട യുദ്ധത്തിൽ ഹിസ്‌ബുള്ള ഇസ്രായേലിലേക്ക് നാലായിരത്തോളം റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു. അന്നുണ്ടായ കനത്ത നാശമാണ് റോക്കറ്റ് ആക്രമണത്തെ ചെറുക്കാൻ മിസൈൽ കൊണ്ടൊരു പ്രതിരോധ സംവിധാനം വേണമെന്ന എന്ന ആശയം ഇസ്രായേലി ഗവേഷകർക്ക് നൽകിയത്.
അയൺ ഡോം പ്രവർത്തിക്കുന്നതെങ്ങനെ?
സദാ ജാഗരൂകമായ ഒരു റഡാർ സംവിധാനമാണ് ഡോമിന്‍റെ നട്ടെല്ല്. ശത്രു രാജ്യങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റും ഡ്രോണും ഇസ്രയേലിന്‍റെ ആകാശ അതിർത്തിയിൽ കടന്നാലുടൻ ഈ റഡാർ സംവിധാനം തിരിച്ചറിയും. ആ വിവരം കണ്ട്രോൾ സിസ്റ്റത്തിലേക്ക് ഉടൻ കൈമാറും. വേഗതയും കാറ്റിന്‍റെ ഗതിയും ഒക്കെ കണക്കുകൂട്ടി കൃത്യമായി റോക്കറ്റിന്‍റെ യാത്രാപഥം നിർണയിക്കുന്നത് കണ്ട്രോൾ സിസ്റ്റമാണ്. റോക്കറ്റ് ജനവാസ മേഖലയിലാണോ വിജനമായ മരുഭൂമിയിലാണോ പതിക്കുന്നതെന്ന് കണ്ട്രോൾ സിസ്റ്റം ആദ്യം കണ്ടെത്തും. മരുഭൂമി ലക്ഷ്യമാക്കി പോകുന്ന റോക്കറ്റുകളെയും മിസൈലുകളെയും അവഗണിക്കും. ജനവാസ മേഖലയിൽ പതിക്കാൻ സാധ്യതയുള്ളവയെ കണ്ടെത്തിയാൽ ആകാശത്ത് ഏത് ഭാഗത്ത് വെച്ച് റോക്കറ്റിനെ തകർക്കണം എന്നു കൃത്യമായി തീരുമാനിക്കും. എന്നിട്ട് പ്രതിരോധ മിസൈൽ അയക്കാനുള്ള സന്ദേശം ലോഞ്ചറിന് കൈമാറും. പിന്നാലെ ലോഞ്ചർ വിക്ഷേപിക്കുന്ന മിസൈൽ ആകാശത്ത് വച്ചുതന്നെ ശത്രുവിന്‍റെ റോക്കറ്റിനെ തകർക്കും.
അയണ്‍ ഡോമുകള്‍ പരാജയപ്പെട്ടതെങ്ങനെ?
ഇറാന്‍റെ ആക്രമണം പൂർണമായും പ്രതിരോധിക്കാൻ അയൺ ഡോമുകൾക്കു കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നൂറു കണക്കിന് റോക്കറ്റുകളെ ഒരേ സമയം നേരിടേണ്ടി വന്നാൽ അയൺ ഡോം ആശയക്കുഴപ്പത്തിലാകുമെന്നാണ് വിദഗ്‌ധർ നൽകുന്ന ഉത്തരം. ഈ പോരായ്മ ഇസ്രായേൽ നേരത്തെ തന്നെ മനസിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാൻ മിനിട്ടുകൾക്കുഉള്ളിൽ നൂറുകണക്കിന് റോക്കറ്റുകൾ പല നഗരങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിക്കുകയായിരുന്നു. മിക്കവയെയും അയൺ ഡോം തകർത്തപ്പോൾ കൂട്ടപ്പൊരിച്ചിലിൽ അയൺ ഡോമിനെ കുഴക്കിയ ചിലത് ലക്ഷ്യങ്ങളിൽ പതിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്തൂറില്‍ പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ച ഡ്രോണുകളേയും മിസൈലുകളേയും ഒന്ന് പോലും നിലം തൊടീക്കാതെ തകര്‍ന്ന നമ്മുടെ എസ്- 400 ന്‍റെ മേൻമയെ നാം ഈ സമയം ഓര്‍മ്മിക്കണം