കൂട്ടക്കുഴിമാടങ്ങളിൽ തള്ളിയത് 796 കുഞ്ഞുങ്ങളെ, അയർലാൻഡിൽ രേഖകളില്ലാതെ മറവ് ചെയ്ത കുട്ടികൾക്കായി തെരച്ചിൽ

Published : Jun 26, 2025, 04:56 AM IST
ireland mass grave

Synopsis

അയർലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവങ്ങളുടെ തെളിവുകളാണ് ഗവേഷകർ തിരയുന്നത്

ഗാൽവേ:കുഴിമാടം പോലുമില്ലാതെ മറവ് ചെയ്തത് 796 കുഞ്ഞുങ്ങളെ. വർഷങ്ങൾ നീണ്ട പോരാട്ടത്തിന് ശേഷം അടയാളങ്ങൾ പോലുമില്ലാതെ കുഴിച്ചുമൂടപ്പെട്ട ആ കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ഖനനം ആരംഭിച്ചു. അയർലാൻഡിലെ ഗാൽവേ കൌണ്ടിയിലെ ടുവാമിലാണ് ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. അയർലാൻഡിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത ഏടുകളെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവങ്ങളുടെ തെളിവുകളാണ് ഗവേഷകർ തിരയുന്നത്.

1920നും 1961നും ഇടയിലാണ് അവിവാഹിതരായ അമ്മമാർക്ക് വേണ്ടി കത്തോലിക്കാ സന്യാസിനികൾ നടത്തിയിരുന്നു ബേബി ഹോമുകളിലായി 796  ശിശുക്കൾ മരണപ്പെട്ടതായാണ് ചരിത്ര ഗവേഷകയായ കാതറിൻ കോൾസ് കണ്ടെത്തിയത്. ഈ കുഞ്ഞുങ്ങളെ ടുവാമിലെ ബേബി ഹോമിന്റെ പരിസരങ്ങളിലായാണ് കുഴിച്ച് മൂടിയതെന്നായിരുന്നു കാതറിന്റെ കണ്ടെത്തൽ. 2014ലാണ് കാതറിന്റെ കണ്ടെത്തൽ ലോകശ്രദ്ധ നേടിയത്. 2017ൽ സർക്കാർ അധികാരികൾ കാതറിന്റെ കണ്ടെത്തലുകൾ അനുസരിച്ച് കൂട്ടക്കുഴിമാടം കണ്ടെത്തുകയും ചെയ്തിരുന്നു. ഡിഎൻഎ പരിശോധനയി 35 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശു മുതൽ 3 വയസ് പ്രായമുള്ള ശിശുക്കൾ വരെ ഇത്തരത്തിൽ കൂട്ടക്കുഴിമാടങ്ങളിൽ മറവ് ചെയ്യപ്പെട്ടതായി തെളിഞ്ഞിരുന്നു. 1961ലാണ് ഇത്തരം ബേബി ഹോമുകൾ അടച്ച് പൂട്ടിയത്. അവിവാഹിതരായ ഗർഭിണികളെ ഇത്തരം കേന്ദ്രങ്ങളിൽ നിർബന്ധിച്ച് എത്തിക്കുകയും പ്രസവിച്ച കുട്ടികളെ ഒളിപ്പിച്ച് വയ്ക്കുകയോ അനുവാദമില്ലാതെ ദത്ത് നൽകുകയോ അടക്കമുള്ളവയായിരുന്നു ഇത്തരം ബേബി ഹോമുകളിൽ നടന്നിരുന്നത്.

കൂട്ടക്കുഴിമാടത്തിന് പുറമേ ബേബി ഹോമുണ്ടായിരുന്ന അഴുക്കുചാലിൽ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടെന്നാണ് കാതറിൻ വിശദമാക്കുന്നത്. ഇതിൽ വ്യക്തത വരുത്താനായാണ് നിലവിലെഖനനം. അയർലാൻഡിലുണ്ടായിരുന്ന 18 ബേബി ഹോമുകളിലായി 900 കുട്ടികൾ മരണപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ചുമ, ക്ഷയം, ഡിഫ്ത്തീരിയ അടക്കമുള്ളവ ബാധിച്ചാണ് മരണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചതെങ്കിലും ടുവാമിൽ കുട്ടികളെ സംസ്കരിച്ചത് സംബന്ധികയായ രേഖകളൊന്നും ലഭ്യമല്ല. വലിയ രീതിയിൽ അധികാരികൾ വരുത്തിയ വീഴ്ചയെന്നാണ് ഇതിനെ കാതറിൻ നിരീക്ഷിക്കുന്നത്.

2021ൽ അയർലാൻഡ് സർക്കാർ സംഭവത്തിൽ സ്ത്രീകളോടും കുട്ടികളോടും കാണിക്കപ്പെട്ട അനാദരവിന് രേഖാ പൂർവ്വം ക്ഷമാപണം നടത്തിയിരുന്നു. രണ്ട് വർഷം കൊണ്ട് ഖനനം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കണ്ടെത്തുന്ന മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് തന്നെ കൈമാറുമെന്നും ഖനന പദ്ധതിയുടെ മേധാവി ഡാനിയൽ മക്സ്വീനി വിശദമാക്കുന്നത്. വെറുമൊരു ഖനനമല്ല നടക്കുന്നതെന്നും ദേശീയ തലത്തിൽ അംഗീകാരവും അന്തസും കുഞ്ഞുങ്ങൾക്ക് ലഭിക്കാനുള്ള ശ്രമമാണെന്നും ഡാനിയൽ മക്സ്വീനി വിശദമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം