
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര കാർത്തെ പർവാനിൽ ഭീകരാക്രമണം. ഗുരുദ്വാര സാഹിബ് പരിസരത്ത് ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി സ്ഥിരീകരിച്ചു. ഐഎസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആയുധധാരികൾ ഗുരുദ്വാരക്ക് ഉള്ളിലേക്ക് കയറി വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗുരുദ്വാര മുഴുവനായി അഗ്നിക്കിരയായതായാണ് റിപ്പോർട്ട്. കാബൂൾ സമയം രാവിലെ 7:15നാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുദ്വാരയുടെ കാവൽക്കാരൻ വെടിയേറ്റ് മരിക്കുകയും മൂന്ന് താലിബാൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ താലിബാൻ സൈനികർ വളഞ്ഞു. കുറഞ്ഞത് 7-8 പേരെങ്കിലും ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
മുപ്പതോളം അഫ്ഗാൻ ഹിന്ദുക്കളും സിഖുകാരും ഗുരുദ്വാരയിൽ പ്രഭാത പ്രാർത്ഥനക്ക് ഉണ്ടായിരുന്നുവെന്നും അക്രമികൾ പരിസരത്ത് പ്രവേശിച്ചതോടെ ചിലർ ഓടി രക്ഷപ്പെട്ടെന്നും ബിജെപി എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. ഗുരുദ്വാര കാർട്ടെ പർവാന്റെ പ്രസിഡന്റ് ഗുർനാം സിങ്ങുമായി സംസാരിച്ചിരുന്നു. അദ്ദേഹം അഫ്ഗാനിസ്ഥാനിലെ സിഖുകാർക്ക് ആഗോള പിന്തുണ അഭ്യർത്ഥിച്ചെന്നും സിർസ പറഞ്ഞു.
കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഗുരുദ്വാരയ്ക്കുള്ളിൽ താമസിക്കുന്ന എല്ലാവരും കൊല്ലപ്പെട്ടതായി കരുതുന്നുവെന്ന് ഇന്ത്യൻ വേൾഡ് ഫോറം ചീഫ് പുനീത് സിംഗ് ചന്ധോക്ക് പറഞ്ഞു. കൂടുതൽ കാലതാമസമില്ലാതെ അഫ്ഗാൻ ന്യൂനപക്ഷങ്ങളെ അവിടെ നിന്ന് ഉടൻ തിരിച്ചെത്തിക്കണമെന്ന് പുനീത് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ആറ് മാസമായി ഇവർ ഇ-വിസക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു