പ്രതിഷേധം മറയാക്കി നുഴഞ്ഞുകയറിയോ മൊസാദ്? ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ച് അഞ്ച് കാര്യങ്ങൾ

Published : Jan 04, 2026, 10:20 PM IST
cost of living protests Iran

Synopsis

ഇറാൻ വീണ്ടും വലിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവിലെ വർധനവുമാണ് പ്രധാന കാരണം. അതേസമയം പിന്നിൽ മൊസാദുണ്ടോ എന്ന ചോദ്യങ്ങളും ഉയരുന്നു.

2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിസ് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ടെഹ്‌റാന്റെ 'ശത്രുക്കൾ' ആണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അഴിമതിക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിട്ടും പ്രതിഷേധം തുടരുകയാണ്. ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്ന് ആയത്തുള്ള അലി ഖമനേയിയിയും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ഇറാനിലെ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയുടെയും മൊസാദിന്‍റെയും കരങ്ങളുണ്ടോ? ഇറാനിലെ നിലവിലെ പ്രക്ഷോഭത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.

ജീവിതച്ചെലവിനെക്കുറിച്ചുള്ള ആശങ്കകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ ഉപരോധം നേരിടേണ്ടി വന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. അന്താരാഷ്ട്ര തലത്തിൽ ഇറാനെതിരെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, വിദേശ ആസ്തികൾ ഉൾപ്പെടെ മരവിപ്പിച്ച നിലയിലാണ്. ഇറക്കുമതിയെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ പണപ്പെരുപ്പം ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെറും ആറ് മാസത്തിനുള്ളിൽ 56 ശതമാനം ഇടിവാണ് ഇറാൻ കറൻസിയായ റിയാൽ നേരിട്ടത്. കറൻസിയുടെ ഇടിവ് പണപ്പെരുപ്പത്തിന് കാരണമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഭക്ഷ്യവസ്തുക്കളുടെ വില ശരാശരി 72 ശതമാനം ഉയർന്നു. ഇന്ധനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സർക്കാരിന് മറ്റ് സാധനങ്ങളുടെ വില കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... എന്നാണ് ജനങ്ങൾ പറയുന്നത് . ഈ വർഷം പാലുൽപ്പന്നങ്ങളുടെ വില ആറ് തവണയും മറ്റ് സാധനങ്ങളുടെ വില പത്ത് മടങ്ങിലധികവും വർദ്ധിച്ചു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച ടെഹ്‌റാനിലെ കടയുടമകൾ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. പിന്നീട് ഇറാനിലെ 31 പ്രവിശ്യകളിൽ 17 എണ്ണത്തിലേക്കും പ്രതിഷേധം വ്യാപിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കാളികളായി. സുരക്ഷാ സേനയും പ്രതിഷേധക്കാരും പല തവണ ഏറ്റുമുട്ടി. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.

പ്രതിഷേധത്തെ തള്ളിപ്പറയാതെ സർക്കാർ

2022ൽ ഹിജാബ് സമരത്തെ അടിച്ചമർത്തിയതു പോലെയല്ല ഇറാൻ ഭരണാധികാരികൾ ഇത്തവണ പ്രതികരിച്ചത്. ഇത്തവണ 'ന്യായമായ ആവശ്യങ്ങൾ' കേൾക്കാൻ തയ്യാറാണെന്ന വിധത്തിലാണ് പ്രതികരിച്ചത്. പ്രതിഷേധക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി, സർക്കാർ ബുധനാഴ്ച കേന്ദ്ര ബാങ്കിന് പുതിയ ഗവർണറെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ടെഹ്‌റാൻ സർവകലാശാലയിൽ നിന്നും മറ്റ് രണ്ട് പ്രധാന സർവകലാശാലകളിൽ നിന്നും കാമ്പസ് സുരക്ഷാ മാനേജർമാരെ നീക്കം ചെയ്തു. സമീപകാല വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടത് കാരണമാണ് അവരെ നീക്കം ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് വർഷം മുമ്പ് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവേ പെസഷ്കിയൻ, സാമ്പത്തിക പരിഷ്കാരങ്ങളിലും അഴിമതി തടയുന്നതിലും തന്റെ സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. "ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടിച്ചമർത്തപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നാമെല്ലാവരും ഒരുമിച്ച് നിൽക്കണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ലെ ഹിജാബ് വിരുദ്ധ സമരം

2022ൽ 22 കാരിയായ മഹ്‌സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിലുടനീളം ബഹുജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് പറഞ്ഞായിരുന്നു അമിനിയെ കസ്റ്റഡിയിൽ എടുത്തത്. അമിനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം, ഒരു കൂട്ടം സ്ത്രീകൾ സ്വന്തം ശിരോവസ്ത്രങ്ങൾ വലിച്ചുകീറിയതോടെയാണ് പ്രതിഷേധത്തിന്‍റെ തുടക്കം. തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം വ്യാപിച്ചു . പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു, പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിർത്തു. പ്രതിഷേധം കനത്തതോടെ 2022 ഡിസംബറിൽ സദാചാര പൊലീസിനെ പിൻവലിച്ചെങ്കിലും അടുത്ത വർഷം പുനസ്ഥാപിച്ചു. ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ 2024ൽ നടത്തിയ അന്വേഷണത്തിൽ, പ്രക്ഷോഭകർക്കെതിരായ സർക്കാർ നടപടികൾ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്ന് കണ്ടെത്തി. അതേസമയം ഇറാൻ സർക്കാർ ഈ റിപ്പോർട്ട് പക്ഷപാതപരം ആണെന്ന് തള്ളിക്കളഞ്ഞു. എന്നിരുന്നാലും, വസ്ത്രധാരണ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പിന്നീട് അയവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ട്രംപിന്‍റെ ഇടപെടൽ

വിലക്കയറ്റവിരുദ്ധ പ്രക്ഷോഭം നടത്തുന്ന പ്രക്ഷോഭകർക്ക് നേരെ വെടിവെയുതിർത്താൽ ഇടപെടുമെന്ന് ഇറാന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ വെടിവെച്ചാൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂണിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ അമേരിക്കയും ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരെ വധിച്ചു. ഇറാൻ അവരുടെ ആണവ കേന്ദ്രങ്ങൾ പുനർനിർമ്മിച്ചാൽ, അമേരിക്ക അവ തകർക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. അന്ന് ആ സംഘർഷം താത്ക്കാലികമായി അവസാനിച്ചെങ്കിലും ഇസ്രയേൽ കൂടുതൽ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹം നിലവിലുണ്ട്. ഇറാനെതിരായ കൂടുതൽ ആക്രമണങ്ങളെക്കുറിച്ചും ഹിസ്ബുള്ളയെ ലക്ഷ്യമിടുന്നതിനെക്കുറിച്ചും ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച ചെയ്തതായി ചില യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇറാന്‍റെ മറുപടി കഠിനമായിരിക്കും എന്ന് പെസെഷ്കിയാൻ മറുപടി നൽകുകയും ചെയ്തു.

പ്രക്ഷോഭം മറയാക്കി നുഴഞ്ഞുകയറിയോ മൊസാദ്?

പ്രക്ഷോഭകർക്കൊപ്പം എന്ന ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ പ്രതികരണം പല അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്- 'ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ദൂരെനിന്നോ വാക്കുകളിലൂടെയോ ഉള്ള പിന്തുണയല്ല, ഞങ്ങൾ നേരിട്ടും നിങ്ങളോടൊപ്പമുണ്ട്' എന്നാണ് എക്സ് അക്കൗണ്ടില്‍ പേർഷ്യൻ ഭാഷയിൽ വന്ന പോസ്റ്റ്. വ്യാപാരികൾ നടത്തുന്ന പ്രതിഷേധം ന്യായമാണെന്നും എന്നാൽ അതിലേക്ക് ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്നും ആയത്തുള്ള അലി ഖമനേയി മറുപടി നൽകിയിട്ടുണ്ട്. സമരക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്ന് പറഞ്ഞ ഖമനേയി, കലാപകാരികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.  ഇറാന് മേൽ വീണ്ടും അമേരിക്കൻ - ഇസ്രയേൽ ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടി കണ്ട് സമീപ ദിവസങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് ഇറാൻ ഭരണാധികാരികൾ നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഡൂറോയെ കുരുക്കിയ ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, കാരക്കാസിൽ ആശങ്ക
‘സ്വന്തം കാര്യം നോക്കൂ’, മഡൂറോയെ പിടികൂടിയതിന് പിന്നാലെ കൊളംബിയൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി ട്രംപ്