വീണ്ടും യുദ്ധം കനക്കുന്നു? 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ; ആക്രമണ ശ്രമം ചെറുത്തെന്ന് റഷ്യ

Published : Jun 01, 2025, 08:53 PM ISTUpdated : Jun 01, 2025, 10:46 PM IST
വീണ്ടും യുദ്ധം കനക്കുന്നു? 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ; ആക്രമണ ശ്രമം ചെറുത്തെന്ന് റഷ്യ

Synopsis

40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. റഷ്യയാകട്ടെ ആക്രമണ ശ്രമം ചെറുത്തുവെന്നാണ് പറയുന്നത്. ഈ സംഭവവികാസങ്ങൾ യുദ്ധസാഹചര്യം വീണ്ടും വഷളാകുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു

മോസ്കോ: റഷ്യ - യുക്രൈൻ യുദ്ധ ആശങ്ക വീണ്ടും ലോകത്ത് സജീവമാകുന്നു. വെടിനിർത്തൽ സാധ്യതകളിൽ നിന്നാണ് റഷ്യ -  യുക്രൈൻ യുദ്ധ സാഹചര്യം വീണ്ടും സജീവമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും ശക്തമായ ആക്രമണങ്ങൾ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏറ്റവും ഒടുവിലായി 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്ന് അവകാശപ്പെട്ട് യുക്രൈൻ രംഗത്തെത്തിയിരിക്കുകയാണ്. ഡ്രോൺ ആക്രമണത്തിലൂടെ 40 റഷ്യൻ പോർവിമാനങ്ങൾ തകർത്തെന്നാണ് യുക്രൈൻ പറയുന്നത്. റഷ്യയുടെ വിവിധ വ്യോമത്താവളങ്ങൾ ആക്രമിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.

ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒലെന്യ വ്യോമതാവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായും കനത്ത പുക ഉയര്‍ന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളില്‍ ഒന്നാണ് ഒലെന്യയിലേത്. ആക്രമണത്തിനായി ഏതുതരം ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന വിവരം യുക്രൈന്‍ പുറത്തുവിട്ടിട്ടില്ല.

യുക്രൈൻ ആക്രമണ ശ്രമം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചു. യുക്രൈനിൽ നിന്ന് ആക്രമണ ശ്രമം നടന്നെന്നും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി ചെറുത്തെന്നുമാണ് റഷ്യ വ്യക്തമാക്കിയത്. യുക്രന്‍റെ ആക്രമണത്തിന് റഷ്യ കനത്ത തിരിച്ചടി നൽകാനുള്ള സാധ്യതയാണ് പലരും ചൂണ്ടികാട്ടുന്നത്. ഇതോടെ യുദ്ധ സാഹചര്യം വീണ്ടും കനത്തേക്കുമെന്ന ആശങ്കയും സജീവമായിട്ടുണ്ട്. ഇന്ന് പുലർച്ചെ യുക്രേനിയൻ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 12 സൈനികർ കൊല്ലപ്പെട്ട ആക്രമണത്തെത്തുടർന്ന് യുക്രൈൻ കരസേനാ മേധാവി മേജർ ജനറൽ മക്‌കൈഹൈലോ ദ്രപതി രാജിവച്ചെന്നും വിവരമുണ്ട്.

റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണം പ്രസിഡന്‍റ് സെലൻസ്‌കി മേൽനോട്ടം വഹിച്ചതായി യുക്രേനിയൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാവിലെ കുറഞ്ഞത് നാല് റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെയുണ്ടായ യുക്രേനിയൻ ആക്രമണം എങ്ങനെ സംഘടിപ്പിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്‌ ബി‌ യു) സ്രോതസ്സുകൾ പ്രകാരം, ആദ്യം റഷ്യയിലേക്ക് എഫ്‌ പി വി ഡ്രോണുകൾ അയക്കുകയും പിന്നീട് അവ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. റഷ്യൻ പ്രദേശത്ത് എത്തിയ ശേഷം, ട്രക്കുകളിൽ സ്ഥാപിച്ചിരുന്ന ക്യാബിനുകളുടെ മേൽക്കൂരകൾക്കടിയിൽ ഡ്രോണുകൾ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണ സമയത്ത്, മേൽക്കൂരകൾ റിമോട്ടായി തുറന്നതിനാൽ ഡ്രോണുകൾക്ക് പറന്നുയരാനും അടുത്തുള്ള വ്യോമതാവളങ്ങളിൽ ഇടിക്കാനും കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണത്തിൽ ഉൾപ്പെട്ട വാഹനങ്ങളിലൊന്നിന്റെ മേൽക്കൂരയിൽ നിന്ന് ഡ്രോണുകൾ ഉയർന്നുവരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആക്രമണങ്ങൾ മൂലം റഷ്യക്കുണ്ടായ നാശനഷ്ടം 2 ബില്യൺ ഡോളറിലധികം വരുമെന്നാണ് യുക്രൈൻ കണക്കാക്കുന്നത്.

യുക്രൈൻ - റഷ്യൻ ഉദ്യോഗസ്ഥർ തമ്മിലുള്ള രണ്ടാം ഘട്ട നേരിട്ടുള്ള ചർച്ച തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണങ്ങൾ സജീവമായിരിക്കുന്നത്. വെടിനിർത്തൽ കരാറിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായുള്ള ചർച്ചയാണ് നാളെ ഇസ്താംബൂളിൽ നടക്കുക. എന്നാൽ പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുപക്ഷവും ചർച്ചകളിൽ നിന്ന് പിന്മാറിയേക്കുമോയെന്ന് ആശങ്കയുണ്ട്. മെയ് 16 ന് നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ തടവുകാരെ കൈമാറുന്നതിനുള്ള കരാറിൽ റഷ്യയും യുക്രൈനും എത്തിച്ചേർന്നിരുന്നു. വെടിനിർത്തലടക്കം ധാരണയിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ ആക്രമണം. ഈ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും എന്ത് നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാകിസ്ഥാന് നന്ദി': ഗാസയിലേക്ക് സേനയെ അയയ്ക്കാമെന്ന പാക് ഓഫറിനെ കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്