
ലാഹോര്‍: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്ഐയുടെയും പാക് പൊലീസിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ.
സംസ്കാര ചടങ്ങിൽ യൂണിഫോമിലും അല്ലാതെയും നിരവധിയാളുകളെ കാണാം. ഇതിൽ യൂണിഫോമിലല്ലാതെ നിൽക്കുന്നവരിൽ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു ക്യാമ്പിന് നേതൃത്വം നൽകിയിരുന്ന ഭീകരന്റെ സംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിലൂടെ ഭീകര സംഘടനകളുമായി പാകിസ്ഥാൻ സര്‍ക്കാര്‍ നിലിനിര്‍ത്തുന്ന ബന്ധം കൂടുതൽ വ്യക്തമായിരിക്കുകയാണ്. യാക്കൂബ് മുഗളിന് കീഴിൽ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യൻ അതിര്‍ത്തി കടത്തി വിട്ടിരുന്നത് ബിലാൽ ക്യാമ്പിൽ നിന്നാണ്. യാക്കൂബ് മുഗൾ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
നേരത്തെ, ഇന്ത്യയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭീകരരെ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി പറയുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 1.05ന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യ കൃത്യമായി ലക്ഷ്യമിട്ട് തകര്‍ത്തത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബാംഗങ്ങളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഭീകര ക്യമ്പുകളിലുണ്ടായിരുന്ന 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൂചന. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam