കൈ കഴുകണം, യാത്ര ഒഴിവാക്കണം: തീവ്രവാദികള്‍ക്ക് ഐഎസിന്‍റെ 'കൊറോണ' മുന്നറിയിപ്പ്

By Web TeamFirst Published Mar 15, 2020, 9:16 AM IST
Highlights

രോഗ ബാധിതരായവരില്‍ നിന്നും അകന്ന് നില്‍ക്കുക. കൈകള്‍ വൃത്തിയായി ആഹാരം കഴിച്ചതിന് ശേഷം കഴുകുക. രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക

ബാഗ്ദാദ്: കൊവിഡ്19 വൈറസ് വ്യാപകമായതോടെ തങ്ങളുടെ അംഗങ്ങള്‍ക്ക് കൊറോണ ബോധവത്കരണം നല്‍കി തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്.  മതപരമായ ഉപദേശം എന്ന പേരിലാണ് ഐഎസ് തങ്ങളുടെ തീവ്രവാദികള്‍ക്കിടയില്‍ കൊറോണയെ ചെറുക്കാനുള്ള ശീലങ്ങള്‍ അടങ്ങുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഇവ അടുത്തിടെ ഐഎസിന്‍റെ ഔദ്യോഗിക പത്രമായ അല്‍-നാബയില്‍ പ്രസിദ്ധീകരിച്ചതായി പാശ്ചത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗ ബാധിതരായവരില്‍ നിന്നും അകന്ന് നില്‍ക്കുക. കൈകള്‍ വൃത്തിയായി ആഹാരം കഴിച്ചതിന് ശേഷം കഴുകുക. രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക - തുടങ്ങിയ നിര്‍ദേശങ്ങള്‍ മതപരമായ ഉപദേശം എന്ന പേരില്‍ ഐഎസ് തങ്ങളുടെ തീവ്രവാദികളോട് പറയുന്നു. അതേ സമയം തന്നെ നിര്‍ദേശങ്ങളുടെ അവസാനം ദൈവത്തില്‍ വിശ്വസിക്കണമെന്നും, അദ്ദേഹത്തിന്‍റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഐഎസ് പറയുന്നു.

ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ലെന്നും, അത്  ദൈവത്തിന്‍റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പ് പറയുന്നുണ്ട്. ഇറാഖിലെയും സിറിയയിലെയും ഐഎസിന്‍റെ ഇപ്പോഴത്തെ ശക്തി കേന്ദ്രങ്ങളിലാണ് ഈ നോട്ടീസ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ഐഎസിന്‍റെ ശക്തമായ സാന്നിധ്യം ഇപ്പോഴും കാണപ്പെടുന്ന ഇറാഖില്‍ 79 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 8 മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിലും കൂടുതലായിരിക്കാം കേസുകള്‍ എന്നാണ് റിപ്പോര്‍ട്ട്.  സിറിയയയില്‍ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ഇത് സത്യമാകാന്‍ സാധ്യതയില്ലെന്നാണ് ഡബ്യൂ എച്ച്ഒ പറയുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ആഭ്യന്തരയുദ്ധം നശിപ്പിച്ച് സിറിയയിലെ പൊതു ആരോഗ്യരംഗം കാര്യമായ കണക്കുകള്‍ ലഭ്യമാക്കുന്നില്ലെന്നാണ് അറിയുന്നത്.

click me!