
ടെൽ അവിവ്: യെമനിൽ നിന്ന് ഇസ്രയേലിലേക്ക് ആക്രമണം. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രയേലിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണിത്.
യെമനിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ഇറാൻ അനുകൂല ഹൂത്തികൾ കപ്പൽ പാതകളിലും ആക്രമണം നടത്തുകയാണ്. 2023ൽ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയതു മുതൽ ചെങ്കടലിൽ ഇസ്രയേലിന്‍റെയും ഇസ്രയേൽ അനുകൂല രാജ്യങ്ങളുടെയും കപ്പലുകളുടെ നേരെ ഹൂത്തികൾ ആക്രമണം നടത്തുന്നുണ്ട്. പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇതെന്ന് ഹൂത്തികൾ വ്യക്തമാക്കിയിരുന്നു. 57,000 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.
തുടർന്ന് ഇസ്രയേലും പല തവണ യെമനിലേക്ക് ആക്രമണം നടത്തി. പിന്നീട് യുഎസും ഹൂത്തികളും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയതോടെ വീണ്ടും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹൂത്തികൾ. ഇതോടെ പല കപ്പൽ കമ്പനികളും ചെങ്കടലിലെ പതിവ് കപ്പൽ പാത ഉപേക്ഷിച്ച് ആഫ്രിക്കയുടെ തെക്കേ അറ്റത്ത് കൂടി ചുറ്റി സഞ്ചരിക്കുകയാണ്.