90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം

Published : Jul 10, 2025, 08:45 AM IST
US President Donald Trump. (File Photo/Reuters)

Synopsis

200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകൾ ഒപ്പുവെക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം മൂന്നിൽ ഒതുങ്ങി. ഏഴ് രാജ്യങ്ങൾക്ക് പകരം തീരുവയുടെ മുന്നറിയിപ്പുമായി വൈറ്റ് ഹൗസ് കത്തയച്ചു.

വാഷിങ്ടണ്‍: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ ഓഗസ്റ്റ് ഒന്ന് മുതൽ ചുമത്തുമെന്ന മുന്നറിയിപ്പുമായി ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൗസ് കത്ത് അയച്ചു.

രണ്ടാമൂഴത്തിൽ 100 ദിവസം പിന്നിട്ട വേളയിലാണ് 200 രാജ്യങ്ങളുമായി കരാറിൽ ഏർപ്പെടുമെന്ന വൻ പ്രഖ്യാപനം ട്രംപ് നടത്തിയത്. വൈറ്റ് ഹൌസിലെ മുതിർന്ന ഉപദേശകൻ പീറ്റർ നവാരോ പറഞ്ഞത് 90 ദിവസത്തിൽ 90 കരാറുകൾ എന്നാണ്. ജൂലൈ 9ന് ആ സമയ പരിധി അവസാനിച്ചു. എന്നാൽ ഇതുവരെ യുഎസ് പ്രഖ്യാപിച്ചത് മൂന്ന് വ്യാപാര കരാറുകൾ മാത്രം. ചൈന, യുകെ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി. ബാക്കി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നു എന്നാണ് വിശദീകരണം.

യൂറോപ്യൻ യൂണിയനുമായി പോലും വ്യാപാര കരാർ ഉടനെ ഉണ്ടാകുമെന്ന് വൈറ്റ് ഹൌസ് പറയുന്നു. വ്യാപാര കരാറുകൾക്ക് കൂടുതൽ സമയം നൽകാൻ സമയ പരിധി ഓഗസ്ത് 1 വരെ നീട്ടുകയും ചെയ്തു. ഇതിനിടയിൽ കരാറുകൾ നടപ്പിലായില്ലെങ്കിൽ പകര തീരുവ ഏർപ്പെടുത്തും എന്നാണ് പ്രഖ്യാപനം.

ഇന്നലെ ഏഴ് രാജ്യങ്ങൾക്ക് കൂടി വൈറ്റ് ഹൌസ് പകര തീരുവ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പ് നൽകി. ഫിലിപ്പൈൻസ്, ശ്രീലങ്ക, ബ്രൂണെ അടക്കമുള്ള രാജ്യങ്ങൾ. ദക്ഷിണ കൊറിയയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾക്ക് നേരത്തെ കത്തെഴുതിയിരുന്നു. രണ്ട് പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയുമായി ഹ്രസ്വ വ്യാപാര കരാറിനുള്ള ഒരുക്കത്തിലാണ് വൈറ്റ് ഹൌസ്. അതേസമയം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന വ്യാപാര കരാർ പ്രഖ്യാപനങ്ങൾ ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല.

PREV
Read more Articles on
click me!

Recommended Stories

‘ചരിത്രത്തിലെ ഏറ്റവും വലിയ മോഷണക്കേസ്’; ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത് 2 ആപ്പിളും ഒരു ഹാൻഡ്‌വാഷ് ബോട്ടിലും, സംഭവം ലാഹോറിൽ
നടുക്കടലിൽ ആഡംബര ക്രൂയിസ് കപ്പലിൽ വൈറസ് ബാധ; ലോകയാത്രക്കിറങ്ങിയ സഞ്ചാരികൾക്കും ജീവനക്കാർക്കും രോഗം