
ടെഹ്റാൻ: ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാൻ വിപ്ലവസേനയുടെ തലവൻ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തിൽ ഇസ്രയേൽ കൊലപ്പെടുത്തി. ഇറാൻ ഇസ്രയേലിന്റെ നിലനിൽപ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ഭീഷണി മുഴക്കി. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയിൽ ഇസ്രയേലി നഗരങ്ങളിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചു..
ഇറാന്റെ തലസ്ഥാന നഗരമായ തെഹ്റാൻ പുലർച്ചെ ഉണർന്നത് ഉഗ്ര സ്ഫോടനങ്ങൾ കേട്ടാണ്. അഞ്ചു റൗണ്ടുകളിലായി 13 സുപ്രധാന കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണമാണ് ഉണ്ടായത്. മാസങ്ങളുടെ ആസൂത്രണത്തിലൂടെ ഇസ്രയേൽ നടപ്പാക്കിയ പദ്ധതിയിൽ കൊല്ലപ്പെട്ടത് ഇറാന്റെ ഉന്നത സൈനിക ശാസ്ത്ര നിരയാണ്. 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന് പേരിട്ട ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമിഅടക്കം കൊല്ലപ്പെട്ടു.
ഉന്നത സൈനിക, ആണവ ഉദ്യോഗസ്ഥർ തങ്ങിയ കേന്ദ്രം ഇസ്രയേൽ ബോംബിട്ട് തകർത്തു എന്നാണ് വിവരം. നതാൻസ് അടക്കം ഇറാന്റെ സുപ്രധാന ആണവോർജ നിലയങ്ങൾ തകർന്നു. ഇറാന്റെ കിഴക്കൻ പ്രവിശ്യയിലെ മൂന്ന് സൈനിക കേന്ദ്രങ്ങളും ടെഹ്‌റാനിലെ ഇറാന്റെ വിപ്ലവ ഗാർഡിന്റെ ആസ്ഥാനവും ഉൾപ്പെടെ ഇസ്രായേൽ തകർത്തു. ഇസ്രയേലിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായതിനാൽ ആണ് ഇറാനെ ആക്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഭീഷണി അവസാനിക്കും വരെ സൈനിക നടപടി തുടരുമെന്നാണ് പ്രഖ്യാപനം.
ഇസ്രയേലിന് കഠിനമായ ശിക്ഷയുടെ ദിനങ്ങൾ വരുന്നു എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ആക്രമണത്തിൽ അമേരിക്ക പങ്കാളിയായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിമാർക്കോ റൂബിയോ പറഞ്ഞു. മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കരുതെന്ന് യുഎസ് ഇറാനോട് ആവശ്യപ്പെട്ടു. എന്നാൽ അമേരിക്കയുടെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് ആക്രമണമെന്ന് ഇറാൻ ആരോപിച്ചു.