ഗാസയിൽ കരയുദ്ധം കടുപ്പിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 ആയി, ഗാസ മുനമ്പിൽ കൂട്ടപാലായനം

Published : Sep 17, 2025, 06:10 AM IST
Gaza attack

Synopsis

ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75 ആയി. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം.

ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. ഇസ്രയേൽ തീമഴ പെയ്യിക്കുമ്പോൾ പലായനത്തിന് പോലും വഴിയില്ലാതെ പരക്കം പായുന്ന ജനം. ഒഴിഞ്ഞു പോകാൻ ഇസ്രയേൽ അനുവദിച്ച അൽ റഷീദ് പാതയിൽ നടന്ന് നീങ്ങാൻ പോലും സാധ്യമാവാത്തത്ര തിരക്കാണ്. പീരങ്കിയും ഡ്രോണും, വെടിവെപ്പും ബോംബും, മരണം മുഖാമുഖം കാണുന്ന കാളരാത്രികൾ നരകതുല്യം.

നഗരം പിടിച്ചെടുക്കാൻ ഒടുവിൽ ഇസ്രയേൽ കരയുദ്ധം കൂടി തുടങ്ങിയതോടെ ഗാസ കത്തുകയാണ്. സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എല്ലാം ആക്രമണത്തില്‍ വെണ്ണീറാകുന്നു. മുന്നിലുള്ളത് എല്ലാ സീമകളും ലംഘിച്ചുള്ള മനുഷ്യകുരുതി. ഓട്ടത്തിന് ഇടയിലും വീണ് പോകുന്നു ചിലർ. മരണത്തെ പേടിച്ച് മരണത്തിലേക്ക് ഓടി അടുക്കുന്ന ജനത. ആയുധങ്ങൾ കൊണ്ട് മാത്രമല്ല കുരുതി, പട്ടിണിക്കിട്ട് കുഞ്ഞുങ്ങളോട് കൊല്ലാക്കൊലയാണ് ഗാസയില്‍ നടക്കുന്നത്. ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 428 കടന്നു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ ചെയ്യുന്നു എന്ന യുഎൻ പ്രതികരണമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. യുകെയും ജർമ്മനിയും ഇറ്റലിയും ആക്രമണത്തെ അപലപിക്കുമ്പോഴും ഹമാസിനെ കൂടെ കൂട്ടുമ്പോൾ സമാധാന ചർച്ച സാധ്യമല്ലെന്ന മാർക്കോ റൂബിയയുടെ പ്രതികരണം ഇസ്രയേലിന് അമേരിക്കയുടെ മൗനസമ്മതമാണ്. ഇനിയും സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേൽ നീക്കം.

നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന സമാധാനശ്രമം

കുരുതിക്കളമായി മാറിയ ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്. ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയിൽ നിന്ന് പിൻവാങ്ങണമെന്ന അറബ് - ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയിൽ ഇസ്രയേലിന്‍റെ വെല്ലുവിളി നീക്കം. ഇതോടെ അറബ് - ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയിൽ പൂർവാധികം ശക്തിയിൽ കരയാക്രമണം തുടങ്ങിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
റഡാറിൽ നിന്ന് കാണാതായി, തടാകത്തിലേക്ക് കൂപ്പുകുത്തി വിമാനം, പിന്നാലെ കണ്ടെത്തിയത് പൈലറ്റിന്റെ ആത്മഹത്യാ കുറിപ്പ്