
ലോകം ഉറ്റുനോക്കിയ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിയപ്പോൾ ആർക്കും കേവല ഭൂരിപക്ഷമില്ല. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് സഖ്യം 53 സീറ്റുമായി മുന്നിലാണ്. പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുണ്ട്. 120 അംഗങ്ങളുള്ള നെസറ്റിൽ ഭരണം പിടിക്കാൻ 61 സീറ്റുകളാണ് വേണ്ടത്. ആര്‍ക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ 19 സീറ്റുകളുള്ള അറബ് പാർട്ടികളുടെ നിലപാടാണ് ഇനി നിർണായകം.
നെതന്യാഹുവും അദ്ദേഹത്തിന്റെ പ്രധാന എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടും വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ തന്നെ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ ഇരുവിഭാഗങ്ങൾക്കും സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ മുന്നണിക്ക് 53 സീറ്റുകളാണ് ലഭിച്ചത്. ലികുഡ് പാർട്ടിക്ക് ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് 27 സീറ്റുകളാണുള്ളത്.
ഐസൻകോട്ടിന്റെ 'യാഷർ' പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 48 സീറ്റുകൾ നേടി. അറബ് കക്ഷികളുടെ സഖ്യം റെക്കോർഡ് നേട്ടത്തോടെ 19 സീറ്റുകൾ കൈലാക്കി. നിലവിലെ സാഹചര്യത്തിൽ നെതന്യാഹുവിന് അധികാരം നിലനിർത്താൻ കഴിയുമോ എന്നതിനേക്കാൾ ഉപരി, രാജ്യത്ത് ഒരു സർക്കാർ രൂപീകരിക്കാൻ സാധിക്കുമോ അതോ ജനങ്ങൾ വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയർന്നുവരുന്നത്.
വ്യക്തികളെയല്ല, രാഷ്ട്രീയ പാർട്ടികളെ കേന്ദ്രീകരിച്ചാണ് ഇസ്രായേലിൽ വോട്ടെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ സഖ്യകക്ഷികളുടെ പിന്തുണയോടെ മാത്രമേ ഭരണം സാധ്യമാകൂ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി മാറിയെങ്കിലും മുൻപുണ്ടായിരുന്ന കേവലഭൂരിപക്ഷം നഷ്ടമായത് നെതന്യാഹുവിന് വൻ തിരിച്ചടിയായി. ഈ സാഹചര്യത്തിൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ നിലപാട് നിർണായകമാകും. പാർട്ടികളുമായി കൂടിയാലോചിച്ച ശേഷം സർക്കാരുണ്ടാക്കാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയെ അദ്ദേഹം ക്ഷണിക്കും. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികളുടെ മുന്നേറ്റമാണ് ശ്രദ്ധേയമായത്. ജോയിന്റ് ലിസ്റ്റ്, റെആം എന്നീ പാർട്ടികൾ ചേർന്ന് 19 സീറ്റുകളാണ് നേടിയത്. ഇസ്രായേൽ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന അറബ് ജനവിഭാഗം രാഷ്ട്രീയമായി നിർണായക ശക്തിയാണെങ്കിലും, കുറഞ്ഞ വോട്ടിങ് ശതമാനവും മറ്റ് പാർട്ടികളുടെ വിമുഖതയും കാരണം ഇതുവരെ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നില്ല. ഐസൻകോട്ടിന് നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ അറബ് പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്, തെരഞ്ഞെടുപ്പ് അറബ് പാർട്ടികൾ തട്ടിയെടുത്തെന്നാണ് നെതന്യാഹു അവസാനമായി നടത്തിയ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam