
ജറുസലേം: ഹമാസിനെതിരെ വീണ്ടും വെല്ലുവിളിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഇല്ലാതാക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ നടപടികൾ തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്‍റെ സന്ദേശം. ഈ വർഷം ബന്ദികളെ തിരികെയെത്തിക്കാൻ കഴിയട്ടെയെന്ന് നെതന്യാഹു പ്രതീക്ഷ പങ്കുവെച്ചു. അതേസമയം, ഹമാസ് നേവൽ പൊലീസ് ഡെപ്യൂട്ടി കമാൻഡർ ഇയാദ് അബു യൂസഫിനെ വധിച്ചെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളോട് അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി നല്‍കുമെന്ന് നെതന്യാഹു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോർദാൻ നദിയുടെ പടിഞ്ഞാറ് പലസ്തീൻ രാഷ്ട്രമുണ്ടാകില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ വെല്ലുവിളി. യുകെ ഉൾപ്പടെ രാഷ്ട്രങ്ങൾ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം. പലസ്തീൻ വിഷയത്തിൽ ഇസ്രേയേലിന് ഉള്ളിലും പുറത്തും ഉയരുന്ന സമ്മർദങ്ങളെ താൻ നേരിട്ടതാണെന്നും എല്ലാത്തിനും അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നൽകുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ഇരു രാഷ്ട്ര പരിഹാരം തേടി ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് ലോകം ഉറ്റുനോക്കുകയാണ്.
മേഖലയെ പുരാതന ജുദേയ ആൻഡ് സമേരിയ എന്ന വിശേഷിപ്പിച്ച്, ഇവിടെ ജൂത വാസസ്ഥലങ്ങൾ ഇരട്ടിപ്പിക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കത്തെക്കുറിച്ച് സൂചന നൽകുന്നതാണിത്. അതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 കുട്ടികളുൾപ്പടെ അഞ്ച് പേർ മരിച്ചു. നാല് പേർ അമേരിക്കൻ പൗരന്മാരാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇത് നിഷേധിച്ചു.