
ടെൽ അവീവ്: ഇസ്രയേലും ഹമാസും തത്വത്തിൽ അംഗീകരിച്ചിട്ടും ഗാസയിലെ വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നത് വൈകുമോയെന്ന് ആശങ്ക. ഞായറാഴ്ച്ച വെടിനിർത്തൽ നിലവിൽ വരാനിരിക്കെ, ഇസ്രയേൽ മന്ത്രിസഭ യോഗം ചേരുന്നത് വൈകുന്നതാണ് ആശങ്കയുടെ കാരണം. കരാറിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകുന്നത് കാത്തിരിക്കുകയാണ് ലോകം. എന്നാൽ ഹമാസ് അവസാന നിമിഷം ധാരണ ലംഘിച്ചെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രയേൽ നിലപാടിനെ ബാധിക്കുമോയെന്നതാണ് ആശങ്ക. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച ശേഷവും ഗാസയിൽ ഇസ്രയേൽ സേന ആക്രമണം തുടരുന്നതും ആശങ്കകൾ വർധിപ്പിക്കുയാണ്.
വിശദവിവരങ്ങൾ ഇങ്ങനെ
ഇന്ന് ഉച്ചയോടെയോ വൈകിട്ടോ ആണ് ഇസ്രയേൽ ക്യാബിനറ്റ് ചേരേണ്ടിയിരുന്നത്. ഖത്തറിൽ നിന്ന് പ്രതിനിധി സംഘം മടങ്ങിയെത്തിയ ശേഷമാകും യോഗം ചേരുക എന്നായിരുന്നു വിവരം. അവസാന നിമിഷവും പരസ്പരം ഉള്ള ആരോപണ പ്രത്യാരോപണങ്ങളും വെടിനിർത്തൽ ധാരണയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഹമാസ് ധാരണാ ലംഘനം നടത്തി പ്രതിസന്ധി സൃഷ്ടിച്ചതായി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ഇതിനാൽത്തന്നെ മന്ത്രിസഭാ യോഗം നീളുമെന്ന് ബെഞ്ചമിൻ നെതന്യാഹും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേലിന്‍റെ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഞായറാഴ്ച്ച നിലവിൽ വരേണ്ട വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം നീളുന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. അംഗീകരിച്ച ധാരണകൾ പാലിക്കുമെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അർധരാത്രി വെടിനിർത്തൽ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി. 73 മുതൽ 80 വരെ പേർ കൊല്ലപ്പെട്ടതായാണ് രക്ഷാപ്രവർത്തകരെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. വെടിനിർത്തലിന് ശേഷം ഗാസ, പലസ്തീനിയൻ അതോറിറ്റിയാകണം ഭരിക്കേണ്ടതെന്ന നിലപാട് പലസ്തീൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam