'ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തി'; ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

Published : Sep 16, 2025, 02:35 PM IST
food crisis in Gaza

Synopsis

ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തി. അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.

ന്യൂയോർക്ക്: ​ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാ​ഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാ​ഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാ​ഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു. അതേസമയം, യുഎൻ റിപ്പോർട്ട് വളച്ചൊടിച്ചതും വ്യാജവുമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കമ്മീഷനിലെ മൂന്ന് വിദഗ്ധരും ഹമാസിന്റെ പ്രോക്സികളായി പ്രവർത്തിക്കുകയും എല്ലാവരും തള്ളിക്കളഞ്ഞ ഹമാസിന്റെ വ്യാജങ്ങളെ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്തുവെന്ന് ഇസ്രായേൽ വക്താവ് ആരോപിച്ചു.

അന്താരാഷ്ട്ര മാനുഷിക, മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനങ്ങൾ നടന്നോ എന്നന്വേഷിക്കുന്നതിനായി 2021-ൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ അധിനിവേശ ഫലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ സ്ഥാപിച്ചു. റുവാണ്ടയിലെ വംശഹത്യയെക്കുറിച്ചുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ പ്രസിഡന്റും ദക്ഷിണാഫ്രിക്കൻ മുൻ യുഎൻ മനുഷ്യാവകാശ മേധാവിയുമായ നവി പിള്ളയാണ് മൂന്നംഗ വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷൻ.

1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരം നിർവചിച്ചിരിക്കുന്ന അഞ്ച് വംശഹത്യകളിൽ നാലെണ്ണം ഇസ്രായേലി അധികാരികളും ഇസ്രായേലി സേനയും ഒരു വിഭാഗത്തിനെതിരെ നടത്തിയെന്ന് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോർട്ട് ആരോപിക്കുന്നു. ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകൾ വിശകലനം ചെയ്ത കമ്മീഷൻ, പ്രസിഡന്റ് ഐസക് ഹെർസോഗ്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർ വംശഹത്യക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ചു.

എന്നാൽ, ​ഗാസയിലെ ജനതക്ക് നേരെയല്ല, ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തങ്ങളുടെ സൈന്യം അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും സാധാരണക്കാർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ പറയുന്നു. ഇസ്രായേലിൽ വംശഹത്യയ്ക്ക് ശ്രമിച്ച പാർട്ടിയാണ് ഹമാസെന്നും 1,200 പേരെ കൊന്നൊടുക്കിയെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും ഇസ്രായേൽ പറഞ്ഞു. കുടുംബങ്ങളെ ജീവനോടെ ചുട്ടുകൊല്ലുകയും എല്ലാ ജൂതന്മാരെയും കൊല്ലുക എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തവരാണ് ഹമാസെന്നും ഇസ്രായേൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയതെന്നും ഇസ്രായേൽ വിശദീകരിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധം ആരംഭിച്ചാൽ വാഹനങ്ങളും വീടും സൈന്യം ഏറ്റെടുക്കും, പൗരൻമാർക്ക് എമർജൻസി അറിയിപ്പ്; നോർവേക്ക് ഭീഷണി റഷ്യയോ, ട്രംപോ?
ഇന്ത്യയുടെ നിർണായക നീക്കം, കടുത്ത തീരുമാനം സുരക്ഷാ വെല്ലുവിളി പരിഗണിച്ച്; നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ ബംഗ്ലാദേശിൽ നിന്ന് തിരിച്ചെത്തിക്കും