
ബൈറൂത്ത്: 14 മാസം നീണ്ടുനിന്ന ഇസ്രയേൽ ഹിസ്ബുല്ല ഏറ്റുമുട്ടലുകൾക്ക് താൽക്കാലിക വിരാമമിട്ട് വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടര്‍ന്ന് ലെബനിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ജനങ്ങൾ വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നതോടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. രണ്ട് മാസത്തെ വെടിനിര്‍ത്തലാണ് ഇരുവിഭാഗങ്ങളും തമ്മിൽ ധാരണയിലെത്തിയത്. ദക്ഷിണ ലെബനനിൽ ആയുധങ്ങളടക്കമുള്ള ഹിസ്ബുള്ളയുടെ സാന്നിധ്യം ഉണ്ടാകരുതെന്നും, ഇസ്രായേലി സൈന്യം അതിര്‍ത്തിയിൽ നിന്ന് പിൻമാറണമെന്നുമാണ് വെടിനിര്‍ത്തലിലെ ധാരണ. എന്നാൽ വെടിനിര്‍ത്തൽ ധാരണങ്ങൾ മുഴുവൻ എങ്ങനെ പ്രാബല്യത്തിലാക്കും എന്നതിൽ വ്യക്തത വന്നിട്ടില്ല.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ സാധാരണക്കാരടക്കം 3700 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ സ്ഥിരീകരിക്കുന്നത്. അതേസമയം, ഏറ്റുമുട്ടലുകളിലായി ഇസ്രായേലിൽ 130 പേര്‍ മരിച്ചെന്നാണ് കണക്ക്. ലൈബനനിൽ വെടിനിര്‍ത്തൽ പ്രഖ്യാപിക്കുമ്പോഴും ഗാസ യുദ്ധത്തെ കുറിച്ച് ഇതിൽ യാതൊരു പരാമര്‍ശവുമില്ല. നിലവിൽ നിരവധി ഇസ്രായേലികൾ ഹമാസിന്റെ തടങ്കലിൽ ഉണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ഗാസയിൽ വെടിനിര്‍ത്തൽ കൊണ്ടുവരാൻ തന്റെ ഗവൺമെന്റ് ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തിന് ആശ്വാസമായാണ് ഇസ്രയേൽ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നത്. അമേരിക്കയുടെയും ഫ്രാൻസിന്‍റേയും വെടിനിർത്തൽ നിർദ്ദേശങ്ങളാണ് ഇരു രാജ്യങ്ങളും അംഗീകരിച്ചത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടു. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു.
വെടിനിർത്തൽ നിർദ്ദേശം നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇക്കാര്യം അറിയിക്കാനായി ലോകത്തെ അഭിസംബോധന ചെയ്തിരുന്നു. ലെബനൻ - ഇസ്രയേൽ വെടിനിർത്തൽ വിവരം പങ്കുവച്ച ബൈഡൻ, നല്ല വാർത്തയാണെന്നും ആശ്വാസകരമായ തീരുമാനമാണ് ഇതെന്നും വ്യക്തമാക്കി. ഹിസ്ബുള്ളയടക്കം ധാരണ ലംഘിച്ചാൽ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശങ്ങളും ഉണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തിരുന്നു. അതേസമയം ഹിസ്ബുള്ള ധാരണ ലംഘിച്ചാൽ ഇസ്രയേൽ കനത്ത തിരിച്ചടിക്ക് മുതിരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam