
ടെഹ്റാൻ: യുദ്ധം നീളുമെന്ന് ഉറപ്പായതോടെ ഇറാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ തുടങ്ങി വിവിധ ലോകരാജ്യങ്ങൾ. ഇറാനിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി അർമേനിയയിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഇന്ത്യയിലേക്കെത്തും. 110 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇവിടെ നിന്ന് ഇവരെ ഇന്ന് ദില്ലിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിർത്തി കടത്തുന്നത്.
ടെഹ്റാനിൽ നിന്ന് ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർത്ഥികളെ മാറ്റിയിട്ടുണ്ട്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരിൽ 1500 പേർ വിദ്യാർഥികളാണ്. ഇതിൽ ഭൂരിഭാഗവും കശ്മീരിൽനിന്നുള്ളവരാണ്. അതിനിടെ ഒഴിപ്പിക്കൽ വേഗത്തിൽ ആക്കണമെന്ന് കശ്മീരി വിദ്യാർത്ഥികളുടെ കുടുംബങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. രാജ്യം വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാൻ സഹായം നൽകുമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടുത്ത ജാഗ്രത വേണം. ഇസ്രയേൽ വിടാൻ താൽപര്യമുള്ളവർക്ക് അതിർത്തി കടക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചത്. അതേസമയം ദൗത്യം തുടരുകയാണെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam