
വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് സംസാരിച്ചെന്നും, സൈനിക നടപടികൾ തുടരാൻ 'യെസ്' പറഞ്ഞെന്നുമാണ് ട്രംപ് വെളിപ്പെടുത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചിലർ അമേരിക്കയുടെ സൈനിക ഇടപെടലിന് എതിരെന്നും ട്രംപ് തുറന്നുപറഞ്ഞു.
നേരത്തെ ഇസ്രയേലുമായുള്ള സംഘർഷത്തിൽ എത്രയും വേഗം കീഴടങ്ങണമെന്ന തന്‍റെ നിർദ്ദേശം തള്ളിയ ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നും ട്രംപ് പറഞ്ഞിരുന്നു. ഞാന്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് വിശദീകരിച്ചു. ഇറാനികള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ പ്രസ്താവനക്കും ട്രംപ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ യു എസ് പ്രസിഡന്റ് ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. ഇറനെ ചിലപ്പോൾ അമേരിക്ക ആക്രമിക്കാം, ചിലപ്പോൾ ആക്രമിക്കാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം നേരത്തെ ഇറാൻ തള്ളിക്കളഞ്ഞിരുന്നു. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കി. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തെ യുദ്ധം കൊണ്ടും, ബോംബിനെ ബോംബ് കൊണ്ടും ഇറാൻ നേരിടും. ഏതൊരു വിധത്തിലുള്ള ഭീഷണിക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. ഇസ്രയേലിനെ സഹായിക്കാനുള്ള സൈനിക ഇടപെടൽ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായാൽ നിസ്സംശയമായും അമേരിക്കക്കാർക്ക് തിരിച്ചെടുക്കാനാവാത്ത ദോഷം വരുത്തിവയ്ക്കുമെന്നും ഇറാൻ പരമോന്നത നേതാവ് വിവരിച്ചു. ഇറാനെയും അവിടുത്തെ ജനങ്ങളെയും ചരിത്രത്തെയും അറിയുന്ന വിവേകശാലികൾ ഒരിക്കലും ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. കാരണം ഇറാനികൾ കീഴടങ്ങുന്നവരല്ലെന്ന് വിവേകശാലികൾക്ക് അറിയാമെന്നും ഖമനേയി പ്രസ്താവനയിൽ വിവരിച്ചു.