
ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി ശനിയാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്നത് ഇസ്രയേലിന്റെയും അമേരിക്കയുടേയും സംയുക്ത ആക്രമണം. ഇസ്രയേൽ തനിച്ചല്ല, അമേരിക്കയും ചേർന്നുള്ള സംയുക്ത ആക്രമണമാണ് നടന്നതെന്നാണ് അമേരിക്ക സ്ഥിരീകരിച്ചത്. ഇറാന്റെ ഭീഷണികൾ ഇല്ലാതാക്കാനായി നടത്തിയ 'മുൻകരുതൽ ആക്രമണം' എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇതിനെ വിശേഷിപ്പിച്ചത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിന് സമീപമാണ് സ്‌ഫോടനങ്ങൾ നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഖമനെയിയെ ടെഹ്റാനിൽ നിന്ന് മാറ്റിയിരുന്നുവെന്നും അദ്ദേഹം സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലാണുള്ളതെന്നുമാണ് ഇറാൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെഹ്‌റാനിൽ കുറഞ്ഞത് നാല് തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചു.
ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. "ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam