
ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. "ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam