
ടെഹ്റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെഹ്റാനിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. ബീജിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. ടെഹ്‌റാനിൽ ഒരു ചൈനീസ് പൗരൻ സൈനിക സംഘർഷത്തിൽ പെട്ടെന്നും നിർഭാഗ്യവശാൽ അദ്ദേഹം കൊല്ലപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. മാർച്ച് 2 വരെ ചൈന ഇറാനിൽ നിന്ന് ഏകദേശം 3,000 പൗരന്മാരെ ഒഴിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
അതേസമയം, രണ്ട് മാസത്തിനുള്ളിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ രണ്ട് നിർണ്ണായക സൈനിക നീക്കങ്ങൾ ചൈനയെ സാമ്പത്തികമായി വെല്ലുവിളിക്കുന്നവയാണെന്നാണ് വിലയിരുത്തൽ. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിനും പിന്നാലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനും ലോകം സാക്ഷ്യം വഹിച്ചു. ഈ രണ്ട് സംഭവങ്ങളും ചൈനയെ നേരിട്ട് ബാധിക്കുന്നവയാണ്. കാരണം, ചൈനയുടെ ഇന്ധന വിതരണ ശൃംഖലയെ തകർക്കാൻ ശേഷിയുള്ളവയാണ് ഇവ. ബീജിംഗിന്‍റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളായ ഈ രണ്ട് രാജ്യങ്ങളുടെയും പതനം ചൈനയുടെ എണ്ണ ഇറക്കുമതിയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ഇതിനെ ചൈന എങ്ങനെ മറികടക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനിൽ 48 മണിക്കൂറിലധികമായി ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം അനുഭവപ്പെട്ടതായി സൈബർ സുരക്ഷാ വാച്ച്ഡോഗ് നെറ്റ്ബ്ലോക്ക്സ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ആഴ്ചകളോളം ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ മാസത്തെ ഏതാണ്ട് പൂർണ്ണമായി സേവനം തടസപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കണക്റ്റിവിറ്റി പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടില്ലെന്നും, ചില ഓൺലൈൻ ആക്‌സസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും മേഖലയിലെ മാധ്യമപ്രവർത്തകർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam