
ലണ്ടൻ: ലണ്ടനിലെ തെരുവുകളിൽ കാണുന്ന പാൻ കറകൾ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഈ വൃത്തികേടിന് കുടിയേറ്റ സമൂഹങ്ങളെയാണ് ചിലർ കുറ്റപ്പെടുത്തുന്നത്. ലണ്ടനിലെ ചവറ്റുകുട്ടകളിലും റോഡുകളിലും കാണുന്ന ചുവന്ന കറകളുടെ വീഡിയോ ഓൺലൈനിൽ വൈറലായിട്ടുണ്ട്. റെയ്‌നേഴ്‌സ് ലെയ്ൻ, നോർത്ത് ഹാരോ എന്നിവിടങ്ങളിലാണ് ഈ കറകൾ കൂടുതലായി കാണപ്പെടുന്നതെന്ന് ഹാരോ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഗുഡ്കയും വെറ്റില മുറുക്കാനുള്ള ഉൽപ്പന്നങ്ങളും വിൽക്കുന്ന കടകൾക്കും ടേക്ക്‌അവേ റെസ്റ്റോറന്റുകൾക്കും പുറത്ത് ഈ കറകൾ സാധാരണമായി മാറിയെന്ന് റെയ്‌നേഴ്‌സ് ലെയ്ൻ നിവാസികൾ പറയുന്നു.
എന്താണ് ഗുഡ്ക?
ഇന്ത്യയിലും മറ്റ് ഉപഭൂഖണ്ഡ രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരുതരം പുകയില ഉൽപ്പന്നമാണ് ഗുഡ്ക. അടയ്‌ക്ക (സുപാരി എന്നും അറിയപ്പെടുന്നു), പുകയില, മധുരപലഹാരങ്ങൾ, മറ്റ് അഡിറ്റീവുകൾ എന്നിവ സാധാരണയായി അടങ്ങിയ വാണിജ്യപരമായി നിർമ്മിക്കുന്ന ഒരു മിശ്രിതമാണിത്. സാധാരണയായി ചെറിയ പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഗുഡ്ക വായിലിട്ട് ചവയ്ക്കുമ്പോൾ നേരിയ ഉത്തേജക ഫലം ഉത്പാദിപ്പിക്കുന്നു.
എന്താണ് പാൻ കറകൾ?
ചവച്ച പാൻ അല്ലെങ്കിൽ ഗുഡ്ക തുപ്പിയതിന്‍റെ ഫലമായുണ്ടാകുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള പാടുകളാണ് പാൻ കറകൾ. പൊതുസ്ഥലങ്ങളിലെ ചുമരുകളിലും കോണിപ്പടികളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും ഈ കറകൾ പലപ്പോഴും കാണപ്പെടാറുണ്ട്, പ്രത്യേകിച്ച് ഗുഡ്കയ്ക്ക് പ്രചാരമുള്ള ഇന്ത്യയിൽ.
ലണ്ടനിലെ പാൻ കറകൾക്ക് ഇന്ത്യക്കാരെ പഴിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യയിൽ ഗുഡ്കയ്ക്കുള്ള പ്രചാരവും ലണ്ടനിൽ വലിയ ഇന്ത്യൻ കുടിയേറ്റ സമൂഹം ഉള്ളതും ഈ പാൻ കറകൾക്ക് ഇന്ത്യക്കാരാണ് ഉത്തരവാദികളെന്ന് പലരും അനുമാനിക്കാൻ ഇടയാക്കി. "ഇന്ത്യക്കാർ അവരുടെ കാര്യം ചെയ്യുന്നു," എന്നാണ് ഒരു ഇൻസ്റ്റഗ്രാം യൂസര്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. വിസ നൽകുമ്പോൾ പല്ല് പരിശോധിക്കാൻ തുടങ്ങണമെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു.
യുകെയിൽ പാൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കുന്ന നിയമങ്ങളൊന്നും നിലവിലില്ല. എന്നാൽ, ചില്ലറ വ്യാപാരികൾ എച്ച്എംആർസിയിൽ (His Majesty's Revenue and Customs) രജിസ്റ്റർ ചെയ്യുകയും സംഭരണത്തെയും വിൽപ്പനയെയും സംബന്ധിച്ച കർശനമായ നിയന്ത്രണങ്ങൾ പാലിക്കുകയും വേണം.