'ഇന്ത്യയിൽനിന്ന് വലിയ പിന്തുണയുണ്ട്'; യുഎസ് മാത്രമല്ല, സുഹൃത്തുക്കൾ വേറെയുമുണ്ടെന്ന് നെതന്യാഹു; വാൻസിന് മറുപടി

Published : Jul 06, 2026, 09:03 AM ISTUpdated : Jul 06, 2026, 09:04 AM IST
Benjamin Netanyahu

Synopsis

യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിന് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൻ്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന വാൻസിൻ്റെ പ്രസ്താവനയോടാണ് പ്രതികരണം. 

ടെൽ അവീവ്: ഇസ്രായേലിന് ഇന്ത്യയിൽനിന്ന് വലിയ പിന്തുണയുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിൻ്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു. ഫേസ്ബുക്കിലും തനിക്ക് ഇന്ത്യയിൽനിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇസ്രായേൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രതികരണം.

"ജെ ഡി വാൻസിനെ ബഹുമാനിക്കുന്നു, ഞങ്ങൾക്ക് വളരെ നല്ലൊരു ബന്ധമാണുള്ളത്, എന്നാൽ അതിനർത്ഥം അദ്ദേഹം പറയുന്നതിനോടെല്ലാം ഞാൻ യോജിക്കുന്നു എന്നല്ല. ഒരു കാര്യം ഞാൻ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്, ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇതുവരെ നമുക്കുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയൊരു സുഹൃത്താണ്, ഞാൻ ആ നിലപാടിൽ പൂർണമായും ഉറച്ചുനിൽക്കുന്നു"- നെതന്യാഹു പറഞ്ഞു.

"ഇന്ത്യ എന്ന ഒരു ചെറിയ രാജ്യം പോലെ നമുക്ക് മറ്റ് ചില സുഹൃത്തുക്കളുമുണ്ട്, നിങ്ങൾക്കറിയാമല്ലോ, അവിടെ 140 കോടി ജനങ്ങളുണ്ട്, നമുക്ക് അവിടെ വലിയ രീതിയിലുള്ള പിന്തുണയാണുള്ളത്"- നെതന്യാഹു പറഞ്ഞു. ഫേസ്ബുക്കിലും തനിക്ക് ഇന്ത്യയിൽനിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇതുപോലെ മറ്റ് രാജ്യങ്ങളിൽ നിന്നും പിന്തുണയുണ്ടാകാമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ കരാറിനെതിരെ നെതന്യാഹു സർക്കാരിൽ വിമർശനമുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു ജെ ഡി വാൻസ് ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്. ഇസ്രായേലിനോട് സഹതാപമുള്ള ലോകത്തിലെ ഏക രാഷ്ട്രത്തലവൻ ട്രംപ് മാത്രമാണെന്നും ഇസ്രായേൽ മന്ത്രിസഭയിൽ താനുണ്ടായിരുന്നെങ്കിൽ അമേരിക്കയെ വിമർശിക്കില്ലായിരുന്നുവെന്നും വാൻസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേലിനെ സംരക്ഷിക്കുന്ന ഭൂരിഭാഗം ആയുധങ്ങളും നിർമ്മിച്ചത് യുഎസമാണെന്നും അതിനുള്ള പണം നൽകിയത് അമേരിക്കൻ നികുതിപ്പണത്തിൽ നിന്നുമാണെന്നും വാൻസ് പറഞ്ഞിരുന്നു.

അമേരിക്കയിൽ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദർശനം നടക്കാനിരിക്കെ ആണ് ഇരു രാജ്യങ്ങൾക്കുമിടയിൽ കൊമ്പുകോർക്കൽ നടക്കുന്നത്. ഇറാനിലും ലെബനനിലും നടക്കുന്ന ഇസ്രായേലിൻ്റെ സൈനിക നടപടികളെച്ചൊല്ലി അമേരിക്കയ്ക്കകും ഇസ്രായേലിനും ഇടയിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ ആണ് നെതന്യാഹുവിൻ്റെ സന്ദർശനം. വരുന്ന ആഴ്ചകളിൽ യുഎസ് - ഇസ്രായേൽ നേതാക്കളുടെ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാർച്ച് 27 വരെ ആകാശത്ത് പറക്കാം! കിക്കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്; 'എക്സ്പ്ലോർ മോർ സെയിൽ' വഴി അന്താരാഷ്ട്ര യാത്രകൾക്ക് 15 ശതമാനം വരെ കിഴിവ്
നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യൻ മിസൈൽ വർഷം; യുക്രൈന് നേരെ പ്രയോഗിച്ചത് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും