
ടെൽ അവീവ്: ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ് ഇസ്രായേൽ. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമി ആയി ഗാസ മാറുമ്പോഴും അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാർ മാത്രമാവുകയാണ്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. പക്ഷെ ആ വിജയത്തിലേക്കുള്ള വഴികൾ ഓരോ ദിവസവും അതിക്രൂരം ആകുകയാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം വിമർശിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല.
കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അതിരൂക്ഷമായി വിമർശിച്ചിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുടെ സംയുക്ത പ്രസ്താവനയെ ഇസ്രായേൽ പരിഹസിച്ചു തള്ളി. പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അനുവദിക്കുമെന്ന് ഇന്നലെ ഇസ്രായേൽ പറഞ്ഞെങ്കിലും അതും നടപ്പായില്ല. ഇസ്രയേൽ ആക്രമണം കാരണം വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
യു എൻ നൽകിയ മുന്നറിയിപ്പും വിശദാംശങ്ങളും
കൂടുതൽ സഹായം എത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനകം ഗാസയിൽ 14,000 കുട്ടികൾ മരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. ഗാസയിലേക്ക് സഹായവുമായി എത്തിയ വാഹനങ്ങളെ 11 മാസം അതിർത്തിയിൽ തടഞ്ഞ ഇസ്രയേൽ നിലവിൽ പരിമിതമായ സഹായം മാത്രമേ പലസ്തീൻ ഭൂപ്രദേശത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ. അത് തന്നെ അമേരിക്കയും കാനഡയും ഫ്രാൻസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന് ശേഷവും. കുട്ടികൾക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമായി വെറും അഞ്ച് ട്രക്കുകൾ മാത്രമാണ് തിങ്കളാഴ്ച ഗാസയിൽ പ്രവേശിച്ചതെന്നും ഇത് വിലക്കിന് ശേഷം കടലിലെ ഒരു തുള്ളി വെള്ളത്തോളം മാത്രം പര്യാപ്തമാണെന്നും യുഎൻ മാനുഷിക സഹായ വിഭാഗം മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. സഹായം ആവശ്യമുള്ള ജനങ്ങളിലേക്ക് ഇനിയും അത് എത്തിച്ചേരേണ്ടതുണ്ട്. അവശ്യ സാധനങ്ങൾ നമുക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾ ഗാസയിൽ മരിച്ചുവീഴും. പോഷകാഹാരക്കുറിവ് കാരണം കുട്ടികൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മമാർ. ഈ കുട്ടികൾക്ക് ബേബി ഫുഡ് എത്തിക്കാൻ എല്ലാ വെല്ലുവിളികളും നേരിട്ടുകൊണ്ട് ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ മാനുഷിക സഹായങ്ങൾ നിഷേധിക്കുന്ന ഇസ്രയേൽ നടപടിക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ശക്തമായ നിലപാടുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭ അധികൃതരുടെ പ്രതികരണമെന്നതും ശ്രദ്ധേയമായി. മാനുഷിക സഹായങ്ങൾ നിഷേധിക്കുന്നത് തുടർന്നാൽ സംയുക്ത നടപടിയിലേക്ക് കടക്കുമെന്നും ഈ രാജ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് രാജ്യത്തെ നേതാക്കളെയും ഹമാസ് പണം നല്‍കി സ്വാധീനിച്ചു എന്ന പ്രതികരണമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam