
ടെൽ അവീവ്: ഇറാൻ വലിയ വില നൽകേണ്ടി വരുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. ഇസ്രയേലിന് നേരെ മിസൈലാക്രമണം തുടരുകയും കേൾവികേട്ട വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനിടെ ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനിയെ വധിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞു.
എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ ടെഹ്റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. ഇന്ത്യൻ വിദ്യാർഥികളെ അർമേനിയ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഇസ്രയേലിലെ പ്രധാന നഗരങ്ങളിൽ കനത്ത നാശം വിതച്ച് ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിൽ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ഇസ്രയേലിലെ മലയാളികളും ആശങ്കയിലാണ് കഴിയുന്നത്.
ഇസ്രയേലിൻ്റെ ആക്രമണത്തോട് ശക്തമായ ഭാഷയിലാണ് ഇറാൻ്റെ പ്രതികരണം. ഇസ്രയേലിനെതിരെ ഇറാൻ ഇതുവരെ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തെന്നാണ് റിപ്പോർട്ട്. ഒരു മൊസാദ് ചാരനെ തൂക്കിലേറ്റിയെന്നും ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ മിസൈല്‍ പ്രതിരോധ സംവിധാനം എന്ന് വിശേഷിപ്പിച്ചിരുന്ന ഐയണ്‍ ഡോമിനെ പോലും തകര്‍ത്തായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ഇസ്രയേലും ഇറാനും തമ്മിൽ ശത്രുത തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അതിനു മുൻപ് സുഹൃത്തുക്കൾ മാത്രമല്ല, അറബ് രാജ്യങ്ങൾക്കെതിരായ പ്രതിരോധ കൂട്ടുകെട്ടും ഇറാൻ ,ഇസ്രയേൽ, തുർക്കി, എത്യോപ്യ എന്നീ നാല് രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയിരുന്നു.