ഇറാന്‍ തലസ്ഥാനത്ത് മൊസാദിന്റെ ആയുധശാല, റോഡില്‍ ഇസ്രായേല്‍ ആയുധവണ്ടി, കടുത്ത നടപടികള്‍

Published : Jun 16, 2025, 01:35 PM IST
Iran army

Synopsis

തലസ്ഥാനമായ തെഹ്‌റാന്റെ പ്രാന്ത പ്രദേശത്ത് മൊസാദ് അതീവരഹസ്യമായി നടത്തിയിരുന്ന ആയുധശാല കണ്ടെത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു.

തെഹ്‌റാന്‍: രാജ്യത്തെ വിറപ്പിച്ച ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഇസ്രായേലി ചാരന്‍മാര്‍ക്കായി തെരച്ചിലും നടപടികളും കടുപ്പിച്ചു. ഇറാനകത്ത് മൊസാദ് നടത്തുന്ന രഹസ്യ ആയുധശാല കണ്ടെത്തിയ ഇറാന്‍ അധികൃതര്‍ ഇസ്രായേല്‍ ആയുധങ്ങള്‍ കടത്തുകയായിരുന്ന വാഹനവും പിടികൂടി. രണ്ട് മൊസാദ് ചാരന്‍മാരെ പിടികൂടിയതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തി ഒരു ഇറാന്‍ പൗരനെ ഇന്ന് വധിച്ചു.

ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് ഇടയിലാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാന്റെ മണ്ണില്‍ മൊസാദിന്റെ രഹസ്യആയുധപ്പുരകളുണ്ടെന്നും അവിടേക്ക് ആയുധങ്ങളെയും കമാന്‍ഡോകളെയും ഒളിച്ചുകടത്തിയാണ് ആദ്യ ആക്രമണം നടത്തിയതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തലസ്ഥാനമായ തെഹ്‌റാന്റെ പ്രാന്ത പ്രദേശത്ത് മൊസാദ് അതീവരഹസ്യമായി നടത്തിയിരുന്ന ആയുധശാല കണ്ടെത്തിയതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനില്‍നിന്നും കിലോ മീറ്ററുകള്‍ അകലെ ഒരു മൂന്ന് നില കെട്ടിടത്തിലാണ് മൊസാദ് തങ്ങളുടെ ആയുധശാല പ്രവര്‍ത്തിപ്പിച്ചത്. ഇസ്രായേലില്‍നിന്നും നിന്നും കടത്തിക്കൊണ്ടുവന്ന ഡ്രോണ്‍ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുക, സ്‌ഫോടക വസ്തുക്കള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുവന്നതെന്ന് ഇറാന്‍ പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍നിന്നും പിടികൂടിയ ഡ്രോണ്‍ ഭാഗങ്ങളുടെയും ലോഹ വസ്തുക്കളുടെയും ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇറാനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച പല ഡ്രോണുകളും സ്‌ഫോടക വസ്തുക്കളും ഇവിടെ നിര്‍മിച്ചതാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ, മറ്റൊരു സംഭവത്തില്‍ തെഹ്‌റാന്‍ തെരുവിലൂടെ ഇസ്രായേല്‍ ആയുധങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ഒരു ട്രക്ക് പിടികൂടിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആയുധങ്ങളുമായി പോവുകയായിരുന്ന ട്രക്കിനെ ഒരു ഇറാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നീണ്ട മല്‍സരയോട്ടത്തിന് ഒടുവില്‍ ട്രക്ക് പിടികൂടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ട്രക്കില്‍നിന്ന് നിരവധി ഇസ്രായേല്‍ ആയുധങ്ങളും ഡ്രോണുകളും കണ്ടെത്തിയതായി പ്രസ്ടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ മണ്ണില്‍ തങ്ങളുടെ ചാരന്‍മാര്‍ ഒളിച്ചുകടന്ന് ആയുധശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതായി ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ടുമാസത്തിലേറെയായി മൊസാദ് ഇറാനുള്ളില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതായും ഇവ ഉപയോഗിച്ചാണ് ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തിയതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാന്റ വ്യോമ പ്രതിരോധ കേന്ദ്രങ്ങളോട് ചേര്‍ന്ന് മൊസാദിന്റെ ചാരന്‍മാരെ രഹസ്യമായി വിന്യസിപ്പിച്ചതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൊസാദ് ചാരന്‍മാരെ ഇറാനിലേക്ക് ഒളിച്ചുകടത്തി ഏറെ കാലമെടുത്താണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ വെള്ളിയാഴ്ച പുലര്‍ച്ചെയിലെ ആക്രമണം നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ, മൊസാദിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് 2023-ല്‍ അറസ്റ്റിലായ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്മായില്‍ ഫെക്‌രി എന്നയാളെയാണ് വധിച്ചത്. രണ്ട് മൊസാദ് ചാരന്‍മാരുമായി നിരന്തരം ബന്ധപ്പെടുകയും രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് വധശിക്ഷയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ ഈ വര്‍ഷം വധിക്കപ്പെടുന്ന മൂന്നാമത്തെ ആളാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയിൽ രണ്ട് ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു, അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ് മുതൽ ലാഹോർ വരെ; പുതുവർഷപ്പിറവിയിൽ പാകിസ്താൻ 'വിറയ്ക്കും'! പലയിടത്തും ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത