ഇസ്രയേലിന് ഞെട്ടൽ, സ്വന്തം സൈനികർക്കെതിരെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ പൗരന്മാരുടെ ആക്രമണം; 6 പേർ അറസ്റ്റിൽ

Published : Jun 29, 2025, 04:30 AM IST
netanyahu

Synopsis

ഇസ്രയേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ ഐ ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് എയാൽ സാമിർ അപലപിച്ചതായും ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജെറുസലേം: പലസ്തീനിലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേനാംഗങ്ങൾക്ക് നേരെ ഇസ്രയേൽ പൗരന്മാരുടെ ഞെട്ടിക്കുന്ന ആക്രമണം. ബിന്യമിൻ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇസ്രയേൽ പൗരന്മാർ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ ഐ ഡി എഫ് ചീഫ് ഓഫ് സ്റ്റാഫ് എയാൽ സാമിർ അപലപിച്ചതായും ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് യേർ ലാപിഡ് ഉൾപ്പടെ സംഭവത്തിൽ അപലപിച്ചിട്ടുണ്ട്.

അതേസമയം വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകൾ നടന്നു. 60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖംനഇയുടെ ഉപദേഷ്ടാവ് റിയർ അഡ്മിറൽ അലി ശംഖാനി ചടങ്ങുകളിൽ പങ്കെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ഖുദ്സ് സേനയുടെ കമാനഡർ സർദാർ ഇസ്മയിൽ ഖാനിയുടെ സാന്നിധ്യവും ശ്രദ്ധയാകർഷിച്ചു. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതൃത്വത്തിൽ തന്നെയുള്ള ഇവരടക്കമുള്ളവർ ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. സെൻട്രൽ ടെഹ്‌റാനിൽ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമിൽ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാൻ അക്ഷരാർത്ഥത്തിൽ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇ ആവർത്തിച്ചു. ഇറാന്റെ കീഴടങ്ങലിന് ശ്രമിക്കുന്നതാണ് അമേരിക്കയുടെ തെറ്റെന്നും ഇറാൻ ജനത ഒരിക്കലും കീഴടങ്ങില്ല എന്നും പരമോന്നത നേതാവ് വ്യക്തമാക്കി.

അതിനിടെ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ 'രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു'വെന്നും ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ ഇനിയും പ്രകോപിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ തീരുമാനം മറന്ന് ഇറാന്‍ അതിന്റെ യഥാര്‍ഥ ശക്തി കാണിക്കാന്‍ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ 'എക്‌സി'ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു