ലോക സമാധാനത്തിനായി ട്രംപിന്റെ നേതൃത്വത്തിൽ 'ബോർഡ് ഓഫ് പീസ്' എന്ന പുതിയ സംഘടന നിലവിൽ വന്നുവെന്ന് വൈറ്റ് ഹൌസിന്റെ പ്രഖ്യാപനം. അൻപതോളം രാജ്യങ്ങൾക്കാണ് ട്രംപ് ക്ഷണം അയച്ചിരിക്കുന്നത്. ചേരാതെ നിൽക്കുകയാണ് ഇന്ത്യ.

വാഷിം​ഗ് ടൺ: ലോക സമാധാനത്തിനായി പുതിയ അന്താരാഷ്‌ട്ര സംഘടന നിലവിൽ വന്നെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. ബോർഡ് ഓഫ് പീസ് എന്ന സംഘടനയിൽ ട്രംപ് സ്ഥിരം ബോർഡ് മേധാവിയായി തുടരും. അൻപതോളം രാജ്യങ്ങൾക്കാണ് ട്രംപ് ക്ഷണം അയച്ചിരിക്കുന്നത്. ചേരാതെ നിൽക്കുകയാണ് ഇന്ത്യ. നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയെന്ന് പരക്കെ വിമർശനവും ഉയരുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയും ആശങ്ക പ്രകടിപ്പിക്കുന്നു. ചൈന, റഷ്യ, ഫ്രാൻസ്, യുകെ എന്നീ യുഎൻ സുരക്ഷാ സമിതി സ്ഥിരാം​ഗങ്ങൾ ഉൾപ്പെടെ ട്രംപിന്റെ നടപടിയോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ഇതുവരെ ഒപ്പുവച്ച്ത് ആകെ 19 രാജ്യങ്ങൾ മാത്രമാണ്. യുഎഇ, ഖത്തർ, സൗദി, പാകിസ്ഥാൻ, ഇന്തോനേഷ്യ, അർജന്റീന, തുർക്കി, ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളാണ് ഇവ. അംഗത്വത്തിനായി ഒരു ബില്യൻ ഡോളർ നൽകണമെന്നാണ് നിർദേശം.

കഴിഞ്ഞ ദിവസം താൻ മുന്നോട്ട് വെച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച ഫ്രാൻസിനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ് രം​ഗത്തു വന്നിരുന്നു. ഫ്രാൻസിൽ നിന്നുള്ള വൈനിനും ഷാംപെയ്നും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന സമിതിയിൽ അംഗമാകില്ലെന്ന പാരീസിന്റെ നിലപാടിൽ പ്രകോപിതനായാണ് ട്രംപ് വ്യാപാര യുദ്ധത്തിന് സമാനമായ നീക്കവുമായി രംഗത്തെത്തിയത്.