ലോക സാമ്പത്തിക ഫോറത്തിൽ കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി നൽകി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡ മുന്നേറുന്നത് തങ്ങൾ കാനഡക്കാർ ആയതുകൊണ്ടാണെന്ന് മറുപടി.
ഒട്ടാവ: ലോക സാമ്പത്തിക ഫോറത്തിൽ (WEF) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് നേരെ ശക്തമായി പ്രതികരിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക കാരണം മാത്രമാണ് കാനഡ നിലനിൽക്കുന്നത് എന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കാർണിയുടെ പ്രതികരണം. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ ജീവിക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് കാർണി നിലപാട് വ്യക്തമാക്കിയത്.
ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാർണി നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഇതിന് തുടക്കമിട്ടത്. കാർണിയുടെ പ്രസംഗത്തിന് വേദിയിൽ നിറഞ്ഞ കയ്യടികളും അഭിനന്ദന പ്രവാഹവുണ്ടായി. ആഗോള തലത്തിൽ കാർണിയുടെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിൽ ട്രംപിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും, അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സംവിധാനത്തിന് വലിയ ഭംഗം നേരിടുകയാണെന്ന് കാർണി ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കൻ ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കാനഡ പോലുള്ള ശക്തികൾ യാഥാർത്ഥ്യവും കരുത്തും തിരിച്ചറിയണമെന്നും അനുസരണ മാത്രം വലിയ ശക്തികളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനാധിപത്യ മൂല്യങ്ങൾ ക്ഷയിക്കുന്ന കാലഘട്ടത്തിൽ കാനഡ ഒരു മാതൃകയായി നിലകൊള്ളണമെന്ന് കാർണി ആവർത്തിച്ചു. കാനഡക്ക് ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവില്ല. പക്ഷേ, മറ്റൊരു വഴി സാധ്യമാണെന്ന് ഞങ്ങൾക്ക് കാണിച്ചു തരാമെന്നും അദ്ദേഹം വേദിയിൽ പറഞ്ഞിരുന്നു
ഇതിന് മറുപടിയായി ട്രംപ് ദാവോസിൽ പറഞ്ഞതും പിന്നീട് വലിയ ചർച്ചയായി. നിങ്ങളുടെ പ്രധാനമന്ത്രിയെ ഞാൻ ഇന്നലെ കണ്ടിരുന്നു. അദ്ദേഹം അത്ര നന്ദിയുള്ളവനായി തോന്നിയില്ലെന്നും കാനഡ ജീവിച്ചു പോകുന്നത് അമേരിക്ക കാരണമാണെന്നും ട്രംപ് പരിഹസിക്കുകയായിരുന്നു. അടുത്ത തവണ പ്രസ്താവനകൾ നടത്തുമ്പോൾ അത് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


