'ഇസ്രയേൽ കയ്പേറിയതും വേദനാജനകവുമായ വിധി നേരിടേണ്ടിവരും'; മുന്നറിയിപ്പുമായി ആയത്തുല്ല അലി ഖമേനി

Published : Jun 13, 2025, 11:13 AM ISTUpdated : Jun 13, 2025, 11:20 AM IST
Ayatollah Ali Khamenei

Synopsis

മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കുമെന്ന് ഖമേനി.

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു.

മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- "സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും"- ഖമേനി പറയുന്നു.

ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് സഹായം നൽകിയിട്ടില്ല എന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. കുറഞ്ഞ സമയം കൊണ്ട് ഇറാൻ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്‍റെ ന്യായീകരണം. 2023ൽ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാൻ ഇപ്പോൾ അത് 7264 കിലോയാക്കി ഉയർത്തി. പ്രതിരോധിക്കുകയല്ലാതെ മാർഗമില്ലെന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷനറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു.

ഇസ്രയേൽ സേന ഇറാനുള്ളിൽ നിരവധി തവണ ആക്രമണം നടത്തിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ഇറാന്‍റെ ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുതിർന്ന ഇറാൻ ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലും ഇസ്രയേൽ സൈന്യം ആക്രമണം നടത്തി. ഈ ഓപ്പറേഷൻ എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും നെതന്യാഹു പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇതുവരെ മരണം 20, സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു; വൻ ദുരന്തത്തിൽ പകച്ച് ഇന്തോനേഷ്യ
ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം, ഇത്തവണ അരി ഇറക്കുമതിക്ക്, കാനഡയ്ക്കും ഭീഷണി