
ദില്ലി: ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചതോടെ നിരവധി എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാനാകാതെ തിരികെ വരികയോ ചെയ്തു. ന്യൂയോർക്കിൽ നിന്ന് ദില്ലിയിലേക്കും ദില്ലി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിൽ 16 വിമാന സർവീസുകളെയാണ് ബാധിച്ചത്.
വഴിതിരിച്ച് വിടുകയോ തിരിച്ചെത്തുകയോ ചെയ്ത വിമാനങ്ങൾ
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്ര തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണം ഏർപ്പെടുത്തും. അല്ലാത്തവർക്ക് റീഫണ്ടോ സൗജന്യ യാത്രാ പുനഃക്രമീകരണമോ നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
ഇസ്രയേൽ ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ ആക്രമിച്ചു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷനറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഹൊസൈൻ സലാമി രക്തസാക്ഷിയായെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു.