
ടെല്‍ അവീവ്: ഹമാസിന്‍റെ സ്ഥാപക ദിനത്തില്‍ ജന്മദിന സന്ദേശവുമായി ഇസ്രയേല്‍. ഇത് അവസാനത്തെ ജന്മദിനമാവട്ടെ എന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം.
"36 വര്‍ഷം മുന്‍പ് ഈ ദിവസത്തിലാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അവസാനത്തേതാകട്ടെ"- എന്നാണ് ഔദ്യോഗിക എക്സ് അക്കൌണ്ടിലെ പ്രതികരണം. ഹമാസില്‍ നിന്ന് ഗാസയെ സ്വതന്ത്രമാക്കുക എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഡിജിറ്റല്‍ ഡിപ്ലമസി ടീം കൈകാര്യം ചെയ്യുന്ന പേജിലാണ് ഈ പോസ്റ്റ് വന്നത്.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം മൂന്ന് മാസത്തിനിപ്പുറവും തുടരുകയാണ്. 1200 ഇസ്രയേലുകാരും 18,500 പലസ്തീനികളും ഇതുവരെ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ വരെ രംഗത്തെത്തി. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണം ആണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിച്ചത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു.
അതിനിടെ ഗാസയില്‍ ഹമാസിന്റെ ടണല്‍ ശൃംഖലയിലേക്ക് ഇസ്രയേല്‍ സൈന്യം കടല്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആഴ്ചകളോളം നീണ്ടുനിന്നേക്കാവുന്ന നടപടിക്കാണ് ഇസ്രയേല്‍ സൈന്യം തുടക്കം കുറിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒളിച്ചിരിക്കാനും ബന്ദികളെയും ആയുധങ്ങളും ഒളിപ്പിക്കാനും ഹമാസ് ഉപയോഗിച്ചിരുന്ന ടണലുകള്‍ നശിപ്പിക്കുകയാണ് ഇസ്രയേല്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഗാസയിലെ ശുദ്ധജല വിതരണം തന്നെ താറുമാറാവാന്‍ കടല്‍ വെള്ളം പമ്പ് ചെയ്തുകൊണ്ടുള്ള ഈ നടപടി കാരണമായേക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ടണലുകളില്‍ വെള്ളം നിറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ നേരത്തെ തന്നെ ഇസ്രയേല്‍ സൈന്യം തുടങ്ങിയിരുന്നു. കൂറ്റന്‍ മോട്ടോറുകള്‍ ഗാസയില്‍ പലയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam