
ദോഹ: ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദോഹയിൽ ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച അറബ് ഇസ്‌ലാമിക് അടിയന്തര ഉച്ചകോടിയും ചേരും.
ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അപലപിച്ചിരുന്നു. ''ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.''- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചത്. ഇസ്രയേൽ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും എന്നാണ് വിവരം. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രയേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും.
ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.